ഡോ.എം.കെ മുനീര്‍
പുതിയ ഡിജിറ്റല്‍ കാലത്ത് ലൈക്കുകളും ഷെയറുകളും കമന്റുകളും ഹേറ്റ് ക്യാമ്പയിനുകളും പലരുടെയും കാഴ്ചപ്പാടില്‍ ഒരാളുടെ ശരിയും തെറ്റും അളക്കാനുള്ള മാനദണ്ഡങ്ങളായി മാറിയിരിക്കുന്നു!. എന്നാല്‍ സത്യം തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളല്ല. നമ്മുടെ മൂല്യവും നിലപാടുകളുടെ ശരിയും തെറ്റും നിര്‍ണയിക്കുന്നത് ലൈക്കുകളോ വിമര്‍ശനങ്ങളോ അല്ല. ആയിരം ലൈക്കുകള്‍ കിട്ടിയതുകൊണ്ട് ഒരു തെറ്റായ നിലപാട് ശരിയാകുന്നില്ല.
കുറേ പേര് ഒരു വ്യക്തിയെ ലക്ഷ്യമാക്കി സംഘടിതമായി വെറുപ്പ് വമിപ്പിക്കുന്നു എന്നതുകൊണ്ട് ഒരു ശരിയായ നിലപാട് തെറ്റും ആകുന്നില്ല. ഒരു വിശ്വാസി എന്ന നിലയില്‍ പറയട്ടെ. വിധിദിനത്തില്‍ സര്‍വശക്തനായ നാഥന് നീതിയും അനീതിയും വേര്തിരിക്ക്കുന്നത് ലൈക്കുകളോ ഷെയറുകളോ അടിസ്ഥാനപ്പെടുത്തിയിട്ടല്ല. നമ്മുടെ വാക്കുകളും പ്രവൃത്തികളും, നാം നിലകൊണ്ട സത്യവും നന്മയും മാത്രമാണ് ആത്യന്തികമായി നമ്മോടൊപ്പം ഉണ്ടാകുന്നത്. അതുകൊണ്ട് വിമര്ശനമുണ്ടാകുമെന്നോ പരിഹാസം നേരിടേണ്ടിവരുമെന്നോ ഹേറ്റ് ക്യാമ്പയിനുകള്‍ ഉണ്ടാകുമെന്നോ ഭയന്ന്, നാം ആത്മാര്‍ത്ഥമായി ശരിയെന്നും നീതിയെന്നും വിശ്വസിക്കുന്ന കാര്യങ്ങളില്‍ നിന്ന് പിന്മാറേണ്ടതില്ല.
സത്യത്തിനുവേണ്ടി നിലകൊള്ളുന്നത് ജനപ്രീതി നേടാനുള്ള ശ്രമമല്ല. മറിച്ച് സ്വന്തം മനസാക്ഷിയോടും വിശ്വാസങ്ങളോടും നീതി പുലര്‍ത്താന്‍ വേണ്ടിയാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും ആശയപരമായ ഭിന്നതകളും ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ആര്‍ക്കും ആരോടും ശക്തമായി വിയോജിക്കാം, പക്ഷേ വിയോജിപ്പിന്റെ പേരില്‍ മനുഷ്യ രൂപം അഴിച്ചു വെച്ച് വിഷം ഉത്പാദിപ്പിക്കുന്ന പൈശാചികതയിലേക്ക് മാറേണ്ടതില്ല.
മറുഭാഗത്ത് നില്ക്കുന്നവരുടെ മനുഷ്യാന്തസിനെ തകര്‍ക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കുന്ന നിലവാരമില്ലാത്ത വിദ്വേഷ ക്യാമ്പയിനുകളെ നിലക്ക് നിര്‍ത്താന്‍ മറ്റൊരു ‘ഓപ്പറേഷന് തൂഫാന്’അനിവാര്യമായ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അഭിപ്രായവ്യത്യാസം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും വിദ്വേഷത്തിലേക്കും അപമാനവീകരണത്തിലേക്കും, മരിച്ചുപോയവരോടുപോലും വിഷം ചീറ്റുന്ന തരത്തിലേക്കും നീങ്ങുമ്പോള്‍, അത് വെറും രാഷ്ട്രീയ തര്‍ക്കമല്ല, അവിടെ നഷ്ടപ്പെടുന്നത് ഒരു വാദത്തിലെ മാന്യത മാത്രവുമല്ല, മറിച്ച് പിച്ചിച്ചീന്തപ്പെടുന്ന മനുഷ്യരുടെ മനുഷ്യാന്തസ്സും ആത്മാഭിമാനവുമാണ്.ഒരു മനുഷ്യായുസ് പകരം നല്കി ഉണ്ടാക്കിയെടുത്ത അവരുടെ ‘ഇന്റഗ്രിറ്റി’യാണ്. ഓരോ പ്രകോപനത്തിനും ഓരോ അധിക്ഷേപത്തിനും മറുപടി നല്‍കേണ്ടതില്ല.
അര്‍ത്ഥശൂന്യമായ വാദങ്ങള്‍ക്ക് വിശദീകരണം നല്കി നമ്മുടെ സമയവും മനസ്സമാധാനവും പാഴാക്കേണ്ടതുമില്ല. ചിലപ്പോള്‍ മൗനം തന്നെയാണ് ഏറ്റവും ശക്തമായ മറുപടി. ചില മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കാനുള്ളതല്ല. അതത് മറുപടികള്‍ അര്‍ഹിക്കുന്ന ഇടങ്ങളില്‍ പറഞ്ഞാല്‍ മതി. ലൈക്കുകള്‍ക്ക് വേണ്ടി സത്യത്തെ ഉപേക്ഷിക്കാതിരിക്കുക. ഹേറ്റിനെ ഭയന്ന് നീതിയില്‍ നിന്ന് പിന്മാറാതിരിക്കുക.
ജനപ്രീതിക്കുവേണ്ടി മനസാക്ഷിയെ വില്‍ക്കാതിരിക്കുക. സോഷ്യല്‍ മീഡിയയിലെ വെറുപ്പിന്റെ ശബ്ദങ്ങള്‍ കുറച്ച് നിമിഷങ്ങള്‍ മാത്രം നിലനില്ക്കും. എന്നാല്‍ സര്‍വജ്ഞനായ സൃഷ്ടാവിന്റെ മുന്നിലാണ് നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക ശാശ്വതമായി നില നില്ക്കുക. അതുകൊണ്ട് സത്യത്തിനുവേണ്ടി ഉറച്ചുനില്ക്കുക. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുക. ആരൊക്കെ എതിര്‍ത്താലും നമ്മുടെ മനുഷ്യത്വം കൈവിടാതിരിക്കുക!. ലൈക്കുകളേക്കാളും വലുതാണ് സത്യം. ഹേറ്റിനേക്കാളും ശക്തമാണ് നീതി. എല്ലാത്തിനുമുപരി മനുഷ്യത്വവും!.


