എരുമേലി: ഇന്‍ഡോ-സാരസനിക് മാതൃകയില്‍ എരുമേലി നൈനാര്‍ മസ്ജിദ് നിര്‍മിച്ചത് ഉള്‍പ്പടെ കേരളത്തിലുടനീളം 110 ലേറെ മസ്ജിദുകളുടെ ശില്പിയായിരുന്ന ജി ഗോപാലകൃഷ്ണന് (90) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടം ശ്മശാനത്തില്‍. തിരുവനന്തപുരത്ത് പാളയം ജുമാ മസ്ജിദ് നിര്‍മിച്ചത് ഗോപാലകൃഷ്ണന്റെ പിതാവായിരുന്ന പാളയം ആലുംകണ്ടം വീട്ടില്‍ ഗോവിന്ദന് കോണ്‍ട്രാക്ടറായിരുന്നു. അച്ഛന് പാളയം മുസ്ലിം പള്ളി നിര്‍മാണം ഏറ്റെടുത്തു നടത്തുന്നത് നോക്കി നിന്ന മകന് ഗോപാലകൃഷ്ണന് എഞ്ചിനീയറിംഗ് ഒന്നും പഠിക്കാന്‍ പോകാതെ കേരളത്തിലുടനീളം നിര്‍മിച്ചത് 110 മുസ്ലിം പള്ളികളും നാല് ക്രിസ്ത്യന്‍ പള്ളികളും.
സ്വന്തം നാടായ പാളയത്ത് രഥത്തിന്റെ മാതൃകയില്‍ ക്ഷേത്രവും. അച്ഛന് നിര്‍മിച്ച പാളയം പള്ളി പുതുക്കിപ്പണിതതും ഗോപാലകൃഷ്ണന്. 1961 മുതല്‍ ആരാധനാലയങ്ങളുടെ ശില്പിയാണ് ഗോപാലകൃഷ്ണന്. ഹിന്ദു നാടാര്‍ സമുദായത്തില്‍ ജനിച്ച ഗോപാലകൃഷ്ണന് വിവാഹം ചെയ്തത് സ്വന്തം സമുദായത്തില്‍ നിന്നായിരുന്നില്ല. ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട ജയയെ ഭാര്യയാക്കി. മക്കള്‍ വളര്‍ന്നപ്പോള്‍ അവരും ജാതിയും മതവും നോക്കിയില്ല. മിശ്രവിവാഹിതരായ ദമ്പതികളുടെ മക്കളെ വിവാഹം ചെയ്ത് അച്ഛനെയും അമ്മയെയും അവര്‍ കടത്തിവെട്ടി.
കേരളത്തില്‍ എവിടെയും മുസ്ലിം പള്ളി നിര്മിക്കണമെങ്കില് ഗോപാലകൃഷ്ണന് വരണമെന്ന ചൊല്ല് വരെ പ്രചാരത്തിലായതോടെ മോസ്ക്മാന്‍ എന്ന പേരും ഇതോടെ വീണു.
ബൈബിളും ഭഗവദ് ഗീതയും ഖുര്‍ആനും തമ്മിലുള്ള സാമ്യങ്ങള്‍ വ്യാഖ്യാനിക്കുന്ന പുസ്തകം രചിച്ച ഗോപാലകൃഷ്ണന് പുസ്തകത്തിന് പേരിട്ടത് ഞാന്‍ കണ്ട ഖുര്‍ആന്‍ എന്നായിരുന്നു. എരുമേലിയില്‍ നൈനാര്‍ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞപ്പോഴാണ് ഖുര്‍ആന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് തുടങ്ങിയത്. അതിന് നിമിത്തമായത് ഖുര്‍ആനിലെ ഏറ്റവും പ്രധാനമായ ആയത്തുല്‍ കുര്‍സി എന്ന സൂക്തമായിരുന്നു. ഇതിന്റെ അര്‍ത്ഥം എല്ലാ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കും മനസിലാകുന്നതിന് മലയാളം, ഇംഗ്ലീഷ് പരിഭാഷകളില്‍ എരുമേലിയിലെ നൈനാര്‍ ജുമാ മസ്ജിദിന്റെ വാതിലില്‍ കോണ്‍ക്രീറ്റ് ഫലകത്തില്‍ ഗോപാലകൃഷ്ണന് സ്ഥാപിച്ചിട്ടുണ്ട്. ഖുര്‍ആനും ഭഗവദ് ഗീതയും ബൈബിളും തമ്മിലുള്ള ഒട്ടേറെ സാദൃശ്യങ്ങള്‍ വിവരിക്കുന്നതാണ് ഗോപാലകൃഷ്ണന്റെ ഞാന്‍ കണ്ട ഖുര്‍ആന്‍ എന്ന പുസ്തകം. ഖുര്‍ആനിലെ ഓരോ അധ്യായങ്ങളും വിവര്‍ത്തനം ചെയ്ത് എഴുതുന്നതിനൊപ്പം ബൈബിളിലും ഭഗവദ് ഗീതയിലും സമാനമായി വരുന്ന ഭാഗങ്ങള്‍ കണ്ടെത്തി വിവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി.
എട്ട് വര്‍ഷത്തോളം നീണ്ട രചന കൊണ്ടാണ് ഞാന്‍ കണ്ട ഖുര്‍ആന്‍ ഗോപാലകൃഷ്ണന് പൂര്‍ത്തിയാക്കിയത്. 1500 ല്‍ പരം പേജുകളുള്ള പുസ്തകം മൂന്ന് വാല്യം ആയാണ് തയ്യാറാക്കിയത്. മൂന്ന് മതങ്ങളുടെയും വേദഗ്രന്ഥങ്ങളുടെ സാരാംശം ഒന്ന് തന്നെയാണെന്ന് വിശദമാക്കുന്നതാണ് തന്റെ പുസ്തകമെന്നും എല്ലാവരും സ്വന്തം മതത്തെക്കുറിച്ച് നന്നായി പഠിക്കുകയും ഒപ്പം മറ്റ് മതങ്ങളെപ്പറ്റി വ്യക്തമായി മനസിലാക്കുകയും ചെയ്താല്‍ എല്ലാവരും നല്ല മനുഷ്യരാകും. ഒരിക്കലും വര്‍ഗീയ ലഹളകള്‍ ഉണ്ടാകില്ല. തെറ്റിദ്ധാരണകള്‍ മാറി പരസ്പരം സ്നേഹിക്കുമെന്നും ഗോപാലകൃഷ്ണന് തന്റെ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നു. റമസാന്‍ മാസത്തില്‍ വൃതം അനുഷ്ഠിക്കുമായിരുന്നു. മക്കളില്‍ ഗോവിന്ദ് ജൂനിയര്‍ ആണ് ഗോപാലകൃഷ്ണന്റെ വഴിയേ ആര്‍ക്കിടെക്റ്റായി മാറിയത്. ശ്രീനി ഗോവിന്ദ്, നീനി ഗോവിന്ദ് എന്നിവരാണ് മറ്റ് മക്കള്‍. ഫിഷറീസ്, സാമൂഹ്യനീതി മന്ത്രി അഡ്വ.വി.ഇ അബ്ദുല്‍ ഗഫൂര്‍ അനുശോചിച്ചു.


