ന്യൂഡൽഹി: ബി.ജെ.പി സർക്കാരിനു കീഴിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖല കടുത്ത അക്കാദമിക് നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര പഠന റിപ്പോർട്ട്. ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന ഭീഷണികൾ നിരീക്ഷിക്കുന്ന ‘സ്കോളേഴ്സ് അറ്റ് റിസ്ക്’ (Scholars at Risk) എന്ന അന്താരാഷ്ട്ര കൂട്ടായ്മ പുറത്തിറക്കിയ ‘ഫ്രീ ടു തിങ്ക് 2026’ (Free to Think 2026) വാർഷിക റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
59 രാജ്യങ്ങളിലായി ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നേരെ നടന്ന 382 ആക്രമണങ്ങളും നിയന്ത്രണങ്ങളുമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പഠനവിധേയമാക്കിയ രാജ്യങ്ങളിൽ അക്കാദമിക് സ്വാതന്ത്ര്യം ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രധാന കണ്ടെത്തലുകൾ:
കടുത്ത നിയന്ത്രണമുള്ള രാജ്യങ്ങൾ:
ആറ് രാജ്യങ്ങളിലാണ് അക്കാദമിക് സ്വാതന്ത്ര്യം നിലവിൽ കടുത്ത നിയന്ത്രണത്തിലുള്ളത്. ഇന്ത്യയോടൊപ്പം ഹോങ്കോങ്, ഇന്തോനേഷ്യ, പാകിസ്ഥാൻ, വെസ്റ്റ് ബാങ്ക്, ഉക്രെയ്ൻ എന്നിവയാണ് ഈ പട്ടികയിലുള്ളത്.
പൂർണ്ണ നിയന്ത്രണത്തിലുള്ളവ:
അഫ്ഗാനിസ്ഥാൻ, ചൈന, ഇറാൻ, റഷ്യ, തുർക്കിയ, സിറിയ, വെനസ്വേല, സിംബാബ്വെ, ഗസ്സ എന്നീ രാജ്യങ്ങൾ ‘പൂർണ്ണ നിയന്ത്രണത്തിൽ’ എന്ന വിഭാഗത്തിലും ഉൾപ്പെടുന്നു.
സർക്കാർ ഇടപെടലുകൾ:
ഗവേഷണ വിഷയങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുക, ആശയപരമായ കാരണങ്ങളാൽ ധനസഹായം വെട്ടിക്കുറക്കുക, സർവകലാശാല ഭരണസമിതികളിൽ പക്ഷപാതപരമായ നിയമനങ്ങൾ നടത്തുക തുടങ്ങിയവയിലൂടെ കേന്ദ്രസർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയിൽ തങ്ങളുടെ അധികാരം വർധിപ്പിച്ചതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സാമ്പത്തിക അച്ചടക്കം, പൊതു ഉത്തരവാദിത്തം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ഇത്തരം നടപടികൾ ന്യായീകരിക്കപ്പെടുന്നത്.
യു.ജി.സിയുടെ റോൾ:
ബി.ജെ.പി ഭരണകൂടം ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷനെ (UGC) ഒരു പ്രധാന ഉപകരണമായി ഉപയോഗിക്കുന്നു. വൈസ് ചാൻസലർമാരുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുക, കരാർ അധ്യാപകരുടെ പരിധി എടുത്തുകളഞ്ഞ് താത്കാലികവത്കരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ടിൽ പരാമർശിക്കുന്ന പ്രധാന സംഭവങ്ങൾ:
അധ്യാപകർക്കെതിരായ നടപടികൾ:
ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ സോഷ്യൽ മീഡിയയിൽ യുദ്ധവിരുദ്ധ അഭിപ്രായം പങ്കുവെച്ചതിന് ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് പ്രൊഫസർ ലോറ ശാന്തകുമാർ, സൗത്ത് ഏഷ്യൻ യൂനിവേഴ്സിറ്റി പ്രൊഫസർ സ്നേഹാശീഷ് ഭട്ടാചാര്യ എന്നിവരുടെ സംഭവങ്ങൾ റിപ്പോർട്ടിൽ എടുത്തുപറയുന്നു.
പ്രഭാഷണങ്ങളും പരിപാടികളും റദ്ദാക്കൽ:
സർക്കാരിനെതിരെ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ പണ്ഡിതൻ കേദാർ മിശ്രയുടെ ലെക്ചർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി റദ്ദാക്കിയതും, ‘രാജ്യത്തിനെതിരെ പ്രസ്താവന നടത്തി’ എന്ന കാരണം പറഞ്ഞ് നടൻ നസറുദ്ദീൻ ഷായ്ക്ക് മുംബൈ യൂണിവേഴ്സിറ്റി നൽകിയ ക്ഷണം പിൻവലിച്ചതും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
കോടതി ഉത്തരവുകൾ:
2026 മാർച്ചിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതി സംബന്ധിച്ച ഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ കർശന നടപടികളും കരിക്കുലം വികസനത്തിനുള്ള വിലക്കുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ക്യാമ്പസുകളിലെ നിയന്ത്രണങ്ങൾ:
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS), ജാമിയ മിലിയ ഇസ്ലാമിയ, ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാർത്ഥി ഒത്തുചേരലുകൾക്കും സമാധാനപരമായ പ്രതിഷേധങ്ങൾക്കും ഏർപ്പെടുത്തിയ കർശന വിലക്കുകളും, എ.ബി.വി.പി – എൻ.എസ്.യു.ഐ/ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷങ്ങളും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.


