ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോലി. ഏകദിനത്തിൽ മൂന്നാം നമ്പറിൽ 13,000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായാണ് കോലി മാറിയത്. ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിലാണ് താരത്തിന്റെ നേട്ടം.
മൂന്നാം നമ്പർ പൊസിഷനിൽ 12662 റൺസ് നേടിയ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങാണ് കോലിക്ക് പുറകിലുള്ളത്.

കുമാർ സംഗക്കാര (9747), ജാക് കാലിസ് (7774), കെയ്ൻ വില്യംസൺ (6504), ബാബർ അസം(6054), ജോ റൂട്ട് ( 5525) എന്നിവരാണ് ഈ നേട്ടത്തിലുള്ള മറ്റ് താരങ്ങൾ.
മത്സരത്തിൽ ന്യൂസിലാൻഡ് 185 റൺസിന് പുറത്ത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കിവികളെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.
ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് നാല് വിക്കറ്റുകളും ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ കിവീസ് തകർന്നു.
ന്യൂസിലാൻഡ് ബാറ്റിംഗിൽ ടിം സൈഫർട്ട് 38 റൺസും ബ്ലെയർ ടിക്നർ 34 റൺസും നേടി മികവ് പുലർത്തി. ഗ്ലെൻ ഫിലിപ്സ് 30 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി തിളങ്ങി.
പതിനൊന്നാം നമ്പറിൽ ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ബ്ലെയർ ടിക്നർ ന്യൂസിലാൻഡ് നിരയിൽ അവസാനം വരെ പൊരുതുകയായിരുന്നു. നാല് സിക്സുകളാണ് താരം അടിച്ചെടുത്തത്.


