പോലീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകൾ മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ടതാണ്. നിരവധി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയം നേടിയിട്ടുള്ള ഈ നിരയിലേക്ക് പുതിയൊരു ഹിറ്റ് കൂടി എത്തിയിരിക്കുകയാണ്.
ഷഹാദ് നിലമ്പൂർ സംവിധാനം ചെയ്ത് പാർവതി തിരുവോത്ത്, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, സിദ്ധാർത്ഥ് ഭരതൻ, വിജയരാഘവൻ, വിനയ് ഫോർട്ട്, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന കുറ്റാന്വേഷണ ചിത്രമായ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
ചെറിയ ബജറ്റിൽ ഒരുങ്ങിയെങ്കിലും ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരെ അണിനിരത്താൻ സിനിമയ്ക്ക് സാധിച്ചു. റോബി വർഗീസ് രാജ്, മുജീബ് മജീദ്, ചമൻ ചാക്കോ, മഹേഷ് മോഹൻ തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം ചിത്രത്തെ മറ്റൊരു ലെവലിലേക്ക് ഉയർത്തി.
റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമായി ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടാനും ഈ ത്രില്ലർ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
വിജയത്തിന് പിന്നിലെ കൂട്ടായ്മ
സിനിമയുടെ വിജയം കൃത്യമായ പ്ലാനിംഗിന്റെയും കൂട്ടായ്മയുടെയും ഫലമാണെന്ന് നടൻ വിനയ് ഫോർട്ടും നടി ഉണ്ണിമായ പ്രസാദും വ്യക്തമാക്കുന്നു
റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ വിശേഷങ്ങൾ ഇരുവരും പങ്കുവെച്ചത്.
പ്രധാന ശക്തി സാങ്കേതിക തികവ്:
“ഈ സിനിമയുടെ ഏറ്റവും വലിയ സ്ട്രെങ്ത് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച ടെക്നീഷ്യൻസ് ഇതിൽ വർക്ക് ചെയ്തിരിക്കുന്നു എന്നതാണ്” എന്ന് വിനയ് ഫോർട്ട് അഭിപ്രായപ്പെട്ടു.
ശ്രദ്ധേയമായ ടൈറ്റിൽ പ്ലേസ്മെന്റ്:
ചിത്രത്തിന്റെ ടൈറ്റിൽ കാണിക്കുന്ന രീതി ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വെറുമൊരു ടൈറ്റിൽ കാർഡിന് പകരം, അത് കടന്നുവരുന്ന പശ്ചാത്തലവും അതിന്റെ പ്രത്യേകതയുമാണ് പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ അടുപ്പിച്ചതെന്ന് ഉണ്ണിമായ പ്രസാദ് ചൂണ്ടിക്കാട്ടുന്നു.
പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ക്ലൈമാക്സ്: കഥാപാത്രങ്ങൾ ആശങ്കയുടെ മുൾമുനയിലൂടെ കടന്നുപോകുമ്പോൾ, വിനയ് ഫോർട്ടിന്റെ കഥാപാത്രം പ്രേക്ഷകർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
ചിത്രത്തിന്റെ അവസാനം പ്രേക്ഷകരെ ഒന്നടങ്കം പ്രതിപക്ഷത്ത് നിർത്താൻ സാധിച്ചതാണ് സിനിമയുടെ വിജയം എന്ന് ഇരുവരും അഭിപ്രായപ്പെടുന്നു.
ശ്രദ്ധേയമായ കഥാപാത്രങ്ങളും പ്രകടനങ്ങളും
സിനിമയിലെ നിർണായകമായ ഒരു സന്ദർഭത്തെക്കുറിച്ച് സംസാരിക്കവെ, പാര്വതിയുടെ കഥാപാത്രം പറയുന്ന സംഭാഷണം പ്രേക്ഷക മനസ്സിൽ തറയ്ക്കുന്നതാണെന്ന് വിനയ് ഫോർട്ട് പറയുന്നു.
“എനിക്ക് അച്ഛനും അമ്മയുമില്ല, എന്റെ ഭർത്താവ് എന്നെ ഇട്ടിട്ടുപോയി, അതേപോലെ എനിക്കെന്റെ കുട്ടിയെ ഇട്ടിട്ടുപോകാൻ പറ്റില്ല” എന്ന ഡയലോഗ് എല്ലാത്തിനും ഉത്തരം നൽകുന്നതായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, കരിയറിൽ 20 വർഷം പൂർത്തിയായെങ്കിലും പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിനുണ്ട്.
മികച്ച തിയേറ്റർ അനുഭവവും ഗ്രിപ്പിങ് തിരക്കഥയും കൊണ്ട് പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങി മുന്നേറുകയാണ് ഈ ചിത്രം.


