2026 ബാലൺ ഡി ഓർ അവാർഡിന് ലയണൽ മെസ്സി അർഹനാണെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ഫുട്ബോൾ കളിക്കുന്ന കാലത്തോളം മെസി ബാലൺ ഡി ഓർ നേട്ടത്തിന് അർഹനല്ലെന്ന് പറയാൻ സാധിക്കില്ലെന്നതും സ്കലോണി പറഞ്ഞു.
‘മെസ്സി ബാലൺ ഡി ഓർ അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നും. തീർച്ചയായും അദ്ദേഹം അത് നേടാൻ അർഹനാണ്. എന്നാൽ ഇതിനെക്കുറിച്ച് മെസ്സി അത്ര ആശങ്കപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഫുട്ബോൾ കളിക്കുന്ന കാലത്തോളം അദ്ദേഹം ബാലൺ ഡി ഓർ അർഹിക്കുന്നില്ലെന്ന് പറയാൻ ബുദ്ധിമുട്ടാണ്. എന്നാൽ അദ്ദേഹം ഇതിനെക്കുറിച്ച് അധികം ചിന്തിക്കുന്നുണ്ടാവില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം’ സ്കലോണി വേൾഡ് സോക്കർ ടോക്കിലൂടെ പറഞ്ഞു.
2026 ഫിഫ ലോകകപ്പിലും ഇന്റർ മയാമിക്കും വേണ്ടി നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് മെസിയയെ വീണ്ടും ബാലൺ ഡി ഓർ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ് മെസി നേടിയത്.
അർജന്റീനയെ ഫൈനൽ വരെ നയിക്കാനും മെസിക്ക് സാധിച്ചിരുന്നു. ഫൈനലിൽ സ്പെയ്നിനോട് പരാജയപ്പെട്ട് അർജന്റീനക്ക് കിരീടം നഷ്ടമായെങ്കിലും മെസിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒക്ടോബർ 26നാണ് ബാലൺ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കുന്നത്.


