ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026 ഗ്രൂപ്പ് ഘട്ട മത്സരത്തിൽ യു.എ.ഇയ്ക്കെതിരെ സെഞ്ച്വറി നേടി തിളങ്ങി യുവതാരം വൈഭവ് സൂര്യവംശി. ദോഹയിലെ യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ തുടക്കം മുതലേ തകർത്തടിച്ച വൈഭവ് അനായാസമാണ് സെഞ്ച്വറി തികച്ചത്. വെറും 28 പന്തുകളിൽ നിന്നുമാണ് താരം മൂന്നക്കം കടന്നത്.

സെമിഫൈനൽ പ്രവേശനം ഉറപ്പാക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ, അഭിഷേക് ശർമ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത വൈഭവ് തുടക്കം മുതൽ യു.എ.ഇ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.
അതേസമയം ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. 144 പന്തിൽ 12 ഫോറുകളും 4 സിക്സറുകളും സഹിതം 130 റൺസെടുത്ത പരിചയസമ്പന്നനായ താരം ഹർപ്രീത് സിംഗ് ഭാട്ടിയയുടെ സെഞ്ചുറിയാണ് യു.എ.ഇയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഏഥൻ ഡിസൂസ (25), മുഹമ്മദ് ഷഹ്ദാദ് (28), ക്യാപ്റ്റൻ ബേസിൽ ഹമീദ് (36) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യ എയ്ക്ക് വേണ്ടി 10 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അർഷാദ് ഖാൻ ബൗളിംഗിൽ തിളങ്ങി. ഹർഷിത് റാണ, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.


