യു.എസ്. യുദ്ധക്കപ്പലുകൾക്ക് നേരെ തുടർച്ചയായ ആക്രമണ ശ്രമങ്ങളുണ്ടായെന്നാരോപിച്ച് ഒമാൻ ഉൾക്കടലിലും ഖാർഗ് ദ്വീപിന് സമീപവുമായി അഞ്ച് ഇറാനിയൻ എണ്ണ ടാങ്കറുകൾ അമേരിക്ക ആക്രമിച്ചു നശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഐ.ആര്.ജി.സി (ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) യു.എസ്. യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ട് രണ്ട് തവണ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ സൈനിക നടപടി.
ആക്രമണവും പ്രത്യാക്രമണവും
ചൊവ്വാഴ്ചയുണ്ടായ യു.എസ്. ആക്രമണങ്ങൾക്ക് മറുപടിയായി, ജോർദാനിലെ അൽ അസ്രാഖ് വ്യോമതാവളത്തിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സേനയ്ക്ക് നേരെ ഇറാൻ കനത്ത മിസൈൽ ആക്രമണം നടത്തി. മേഖലയിലെ രണ്ട് യു.എസ്. യുദ്ധക്കപ്പലുകളും എട്ട് ടാങ്കറുകളും തങ്ങൾ ലക്ഷ്യമിട്ടതായും അവയ്ക്ക് വൻ നാശനഷ്ടങ്ങൾ വരുത്തിയെന്നും ഇറാൻ അവകാശപ്പെട്ടു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇറാനെതിരെയുള്ള നീക്കങ്ങൾ ആറുമാസം പിന്നിടുന്നതിനിടയിലാണ് ഗൾഫ് മേഖലയിൽ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതും യുഎസ് ഇറാനിയൻ തുറമുഖങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തിയതുമാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 99.49 ഡോളറായി ഉയർന്നു.
തകർന്നടിഞ്ഞ ഇറാനിയൻ ടാങ്കറുകൾ
എം/ടി കവിസ്, എം/ടി ചാർമിനാർ, എം/ടി ഹൊറൈസൺ 1, എം/ടി റീസ്കോ (ഒമാൻ ഉൾക്കടൽ), എം/ടി ഡെര്യ (ഖാർഗ് ദ്വീപിന് സമീപം) എന്നീ എണ്ണക്കപ്പലുകളാണ് സെൻട്രോം ആക്രമിച്ചു തകർത്തത്. കപ്പലുകൾ പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നതിന് മുൻപ് ജീവനക്കാരോട് സുരക്ഷിതമായി പുറത്തിറങ്ങാൻ അമേരിക്കൻ സൈന്യം നിർദ്ദേശം നൽകിയിരുന്നതായാണ് റിപ്പോർട്ട്. ഒമാൻ ഉൾക്കടലിൽ എം/ടി റീസ്കോ മുങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇറാനിലെ ഐ.ആർ.ഐ.ബി സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററും ഖാർഗ് ദ്വീപിന് സമീപമുള്ള ആക്രമണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാൻ ഉൾക്കടലിലെ ജാസ്ക് തുറമുഖത്തിന് സമീപവും ടാങ്കർ ആക്രമിക്കപ്പെടുകയും ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
ജോർദാൻ വ്യോമതാവളത്തിൽ മിസൈൽ ആക്രമണം
അൽ അസ്രാഖ് ബേസിൽ നടത്തിയ തീവ്രമായ മിസൈൽ ആക്രമണത്തിൽ യു.എസ്. യുദ്ധവിമാനങ്ങളുടെ ഹാംഗറുകൾ തകർന്നതായി ഐ.ആർ.ജി.സി അവകാശപ്പെട്ടു. അതേസമയം, ജോർദാൻ സായുധ സേനയുടെ വ്യോമ പ്രതിരോധ വിഭാഗം തങ്ങൾക്ക് നേരെ വന്ന 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണവും വിജയകരമായി തടഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു. ബാക്കി രണ്ട് മിസൈലുകൾ ജനവാസമില്ലാത്ത പ്രദേശത്താണ് പതിച്ചത്. ഈ ആക്രമണങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
‘യുദ്ധക്കുറ്റം’ എന്ന് ഇറാൻ; നടപടിയെ ന്യായീകരിച്ച് അമേരിക്ക
ഇറാനിയൻ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള യു.എസ്. ആക്രമണം യു.എൻ. ചാർട്ടറിന്റെ നഗ്നമായ ലംഘനമാണെന്നും അതൊരു ‘യുദ്ധക്കുറ്റമാണെന്നും’ ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സാമ്പത്തിക യുദ്ധത്തിനും ആക്രമണങ്ങൾക്കും കനത്ത തിരിച്ചടി നൽകുമെന്നും ടെഹ്റാൻ മുന്നറിയിപ്പ് നൽകി.
എന്നാൽ, അമേരിക്കൻ നാവിക കപ്പലുകളെ ആക്രമിക്കാൻ ഇറാൻ ശ്രമിക്കുന്നിടത്തോളം കാലം അവരുടെ ടാങ്കറുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമെന്ന് കൊളംബിയ സന്ദർശനത്തിനിടെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാനെ സാമ്പത്തികമായി ശ്വാസം മുടക്കുക എന്ന യു.എസ്. തന്ത്രത്തിന്റെ ഭാഗമാണ് ഈ ടാങ്കർ ആക്രമണങ്ങളെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതിനിടയിൽ, ഹോർമുസ് കടലിടുക്കിൽ വെച്ച് നിരീക്ഷണത്തിനിടെ തകരാറിലായ ഒരു ആളില്ലാ യു.എസ്. അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തതായും ഐ.ആർ.ജി.സി അവകാശപ്പെട്ടിട്ടുണ്ട്.


