സിംബാബ്വെ വനിതാ ടീമിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റിന്റെ ജയം. വഡോദരയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 197 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
സെഞ്ച്വറി നേടിയ പ്രതിക റാവലാണ് ഇന്ത്യയുടെ വിജയശിൽപി. 96 പന്തിൽ പുറത്താവാതെ 100 റൺസാണ് താരം നേടിയത്, 15 ഫോറുകൾ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ഷെഫാലി വർമ്മ അർധ സെഞ്ച്വറി സ്വന്തമാക്കി. 33 പന്തിൽ 5 ഫോറുകളും 4 സിക്സുകളും ആണ് താരം നേടിയത്. ക്യാപ്റ്റൻ സ്മൃതി മന്ദാന 32 റൺസും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ പങ്കാളിയായി.
മത്സരത്തിൽ സ്മൃതിയും പ്രതികയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 94 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് പാട്ണർഷിപ്പ് നേടുന്ന ജോഡികളായി ഇരുവരും മാറി. 1979 റൺസാണ് ഇരുവരും ഒരുമിച്ച് നേടിയത്.
ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്മാരായ മിതാലി രാജ്, ഹർമൻപ്രീത് കൗർ എന്നിവരെയാണ് പ്രതികയും സ്മൃതിയും മറികടന്നത്. ഹർമനും മിതാലിയും 1978 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി സൃഷ്ടിച്ചത്.
ഇന്ത്യൻ ബൗളിങ്ങിൽ ശ്രീ ചരണി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ദീപ്തി ശർമ്മ രണ്ട് വിക്കറ്റും ഷെഫാലി ഒരു വിക്കറ്റും നേടി.


