ഏകദിനത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അവസാന ഏകദിന മത്സരത്തിൽ ഒരു റൺസിന് മടങ്ങിയെങ്കിലും ഒരു ലോക റെക്കോഡും കൈവരിച്ചാണ് ഗിൽ ഈ പരമ്പര അവസാനിപ്പിക്കുന്നത്.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനാണ് ഗിൽ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി തിളങ്ങിയ ഗിൽ ഗുഹാഹത്തിയിൽ ഡബിൾ സെഞ്ച്വറി അടിച്ചാണ് ചരിത്രം കുറിച്ചത്. ഈ പരമ്പരയിൽ 334 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്.
2011ൽ ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ 310 റൺസ് നേടിയ സിംബാബ്വെ ക്യാപ്റ്റൻ ബ്രെണ്ടൻ ടെയ്ലറെ മറികടന്നാണ് ഗിൽ ഈ നേട്ടത്തിൽ ഒന്നാമനായത്.
വിൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ 133 പന്തിൽ പുറത്താവാതെ 223 റൺസ് നേടിയാണ് ഗിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. 26 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രകടനം. മൂന്നാം മത്സരത്തിലും ഗില്ലിന്റെ ബാറ്റിൽ നിന്ന് സെഞ്ച്വറി പിറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ മത്സരത്തിൽ ഗിൽ നിരാശപ്പെടുത്തുകയായിരുന്നു.


