മലപ്പുറം: മലപ്പുറം ജില്ലയെയും ഇവിടുത്തെ ജനങ്ങളെയും ഒന്നടങ്കം അവഹേളിക്കുന്ന തരത്തിൽ മുൻ പൊന്നാനി എം.എൽ.എ കൂടിയായ നന്ദകുമാർ നടത്തിയ പരാമർശത്തിൽ അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്ന് മലപ്പുറം ജില്ലാ യു.ഡി.എഫ് കൺവീനറും മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറിയറ്റ് അംഗവുമായ അഷ്റഫ് കോക്കൂർ ആവശ്യപ്പെട്ടു.
ഒരു നാടിനെയും ലക്ഷക്കണക്കിന് ജനങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ല. മലപ്പുറത്തെയും ഇവിടുത്തെ ജനങ്ങളെയും ലക്ഷ്യമിട്ട് സി.പി.ഐ.(എം) നേതാക്കളുടെ ഭാഗത്തുനിന്ന് നേരത്തെയും വിവാദ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി. എസ്. അച്യുതാനന്ദൻ, എ. വിജയരാഘവൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരുടെ മുൻകാല വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ മുൻ പൊന്നാനി എം.എൽ.എ കൂടിയായ നന്ദകുമാറും മലപ്പുറത്തിനെതിരെ സമാനമായ സമീപനം സ്വീകരിച്ചിരിക്കുന്നതെന്നും അഷ്റഫ് കോക്കൂർ ആരോപിച്ചു.
അങ്ങനെ ജനങ്ങളെ കണ്ടതിന്റെ ഫലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സി.പി.ഐ.(എം) ഏറ്റുവാങ്ങിയ കനത്ത പരാജയം. സ്വന്തം രാഷ്ട്രീയ പരാജയത്തിന്റെ കാരണങ്ങൾ ഇത്തരം വർഗീയ പരാമർശങ്ങളിലൂടെ മറച്ചുവെക്കാമെന്ന് കരുതേണ്ട. ജനങ്ങളെ കുറ്റപ്പെടുത്തി സ്വന്തം വീഴ്ചകൾക്ക് ന്യായീകരണം കണ്ടെത്താനുള്ള ശ്രമം ഇനിയും വിലപ്പോവില്ല.
മലപ്പുറത്തെ അപമാനിച്ചാൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ധാരണ സി.പി.ഐ.(എം) ഉപേക്ഷിക്കണമെന്നും ഒരു നാടിനെയും അതിലെ ജനങ്ങളെയും അപമാനിച്ച് കടന്നുപോകാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നന്ദകുമാറിന്റെ പരാമർശത്തിൽ സി.പി.ഐ.(എം) നേതൃത്വം മൗനം വെടിയണമെന്നും പരാമർശം പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും അഷ്റഫ് കോക്കൂർ ആവശ്യപ്പെട്ടു.


