വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടി-20യിൽ മിന്നും പ്രകടനം നടത്തിയതിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ. അഭിഷേക് ശർമ്മയുടെ ടീമിലെ സ്ഥാനം ഇന്ത്യൻ ടീം മാനേജ്മെന്റിന് തൊടാൻ പോലും കഴിയില്ലെന്നാണ് അശ്വിൻ പറഞ്ഞത്.
‘അഭിഷേക് ശർമ്മയെ ഇന്ത്യൻ ടീം മാനേജ്മെന്റിന് തൊടാൻ സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാം. അഭിഷേക് ഒരു മികച്ച താരമാണ്. അദ്ദേഹം ഫോമിലെത്തിയാൽ ഇന്ത്യയെ എല്ലാ മത്സരങ്ങളിലും വിജയിപ്പിക്കാറുണ്ട്. അദ്ദേഹം കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മൂന്നോ നാലോ മാസങ്ങളിലായി അദ്ദേഹം ബുദ്ധിമുട്ട് നിറഞ്ഞ പിച്ചുകളിൽ റൺസ് നേടുന്നുണ്ടെന്നതാണ് ഏറ്റവും വലിയ പോസിറ്റാവായ കാര്യം. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയും ടൈമിംഗും കാരണം ഞാൻ എപ്പോഴും അത് ആസ്വദിക്കാറുണ്ട്. അദ്ദേഹം കാര്യങ്ങൾ വളരെ എളുപ്പമാക്കുന്നു’ അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
വിൻഡീസിനെതിരെ അഭിഷേക് ശർമ്മ 30 പന്തിൽ 6 ഫോറും 5 സിക്സും അടക്കം 69 റൺസാണ് നേടിയത്.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാം ടി-20യിൽ 14 റൺസിനാണ് ഇന്ത്യയുടെ വിജയം. വിജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിലാണിപ്പോൾ.
ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 223 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ വിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ഈ പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ഒരു ടോട്ടൽ വിജയകരമായി പ്രതിരോധിക്കുന്നത്.


