ഒരു മനോരോഗ വിദഗ്ദ്ധൻ എന്ന നിലയിൽ പ്രതിദിനം കണ്ടുമുട്ടുന്ന പലരും നേരിടുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്: “എന്തുകൊണ്ടാണ് ഒരാൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്?”
ആത്മഹത്യ എന്നത് പെട്ടെന്നുള്ള ഒരു വികാരത്തിൽ സംഭവിക്കുന്ന ഒന്നല്ല. ജൈവികവും മനഃശാസ്ത്രപരവും സാമൂഹികവുമായ പലവിധ ഘടകങ്ങൾ സങ്കീർണ്ണതകൾ ഉണ്ടാകുന്ന ഒരു മാനസിക പ്രതിസന്ധിയാണത്. തലച്ചോറിലെ സെറോട്ടോണിൻ (Serotonin) തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകൾ വ്യതിയാനം, വൈകാരിക സമ്മർദ്ദം, വിട്ടുമാറാത്ത നിരാശ എന്നിവയെല്ലാം വ്യക്തിയെ മറ്റുവഴികളൊന്നുമില്ല എന്ന അവസ്ഥയിലെത്തിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് പ്രതിവർഷം ഏഴര ലക്ഷത്തോളം ആളുകളാണ് ആത്മഹത്യ മൂലം ജീവൻ വെടിയുന്നത്. യുവാക്കളിൽ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇത്. എന്നാൽ ശരിയായ സമയത്തുള്ള വൈദ്യസഹായവും സാമൂഹിക പിന്തുണയും വഴി പൂർണ്ണമായും പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ് ഈ അവസ്ഥ.
അപായ സൂചനകൾ തിരിച്ചറിയാം
ഒരു വ്യക്തി സ്വയം ജീവനൊടുക്കുന്നതിന് മുൻപ് പലതരത്തിലുള്ള വൈകാരിക നിമിഷങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഇവ കൃത്യമായി തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.
ചിന്തകളിൽ ഉണ്ടാകുന്ന മാറ്റം: പ്രശ്നങ്ങൾക്ക് മറ്റൊരുവഴിയുമില്ലെന്ന തരത്തിലുള്ള ഇടുങ്ങിയ കാഴ്ചപ്പാട്. അതായത് താൻ മറ്റുള്ളവർക്ക് ഒരു ഭാരമാണെന്ന ചിന്ത.
സമൂഹത്തിൽ നിന്നുള്ള ഉൾവലിയൽ: കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ്ണമായി ഒറ്റപ്പെട്ട് കഴിയുക.
സ്വഭാവത്തിലെ അസ്ഥിരത: അമിതമായ ഉത്കണ്ഠ, ഉറക്കമില്ലായ്മ, പെട്ടെന്നുണ്ടാകുന്ന കോപം അല്ലെങ്കിൽ അസാധാരണമായ ശാന്തത.
തീവ്രമായ നിരാശ: ജീവിതത്തിൽ ഇനി പ്രതീക്ഷയില്ലെന്ന തരത്തിലുള്ള സംസാരങ്ങൾ.
അപകടകരമായ പെരുമാറ്റങ്ങൾ: അമിതമായ ലഹരി ഉപയോഗം, ലഹരിവസ്തുക്കളുടെ അളവ് പെട്ടെന്ന് കൂടുക, വാഹനം അശ്രദ്ധമായി ഓടിക്കുക തുടങ്ങിയവ.
കാരണങ്ങളും അപകടസാധ്യതകളും
ആത്മഹത്യാ പ്രവണതയ്ക്ക് പിന്നിൽ പലതരം രോഗാവസ്ഥകളും വ്യക്തിപരമായ സമ്മർദ്ദങ്ങളും ഉണ്ടാകാം. ഇവയെ പ്രധാനമായും രണ്ടായി തരംതിരിക്കാം:
- വൈദ്യാടിസ്ഥാനത്തിലുള്ള ചികിത്സ ആവശ്യമായ ഘടകങ്ങൾ : മാനസികാരോഗ്യ പ്രശ്നങ്ങളാണ് ഇതിൽ പ്രധാനം. വിഷാദരോഗം ബൈപോളാർ ഡിസോർഡർ, പാരനോയ്ഡ് ലക്ഷണങ്ങളുള്ള സൈക്കോസിസ്, ലഹരിവസ്തുക്കളോടുള്ള അമിതാസക്തി, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ അവസ്ഥകളെല്ലാം മരുന്നുകളിലൂടെയും തെറാപ്പികളിലൂടെയും പൂർണ്ണമായി ചികിത്സിച്ചു മാറ്റാൻ സാധിക്കുന്നവയാണ്.
- സാമൂഹിക-ജീവിത സാഹചര്യങ്ങൾ
ബന്ധങ്ങളിലെ തകർച്ച, പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ, തൊഴിലില്ലായ്മ, വിട്ടുമാറാത്ത ശാരീരിക വേദനകൾ അല്ലെങ്കിൽ മാരക രോഗങ്ങൾ എന്നിവയാണ് പ്രധാന വില്ലന്മാർ. മുൻപ് ആത്മഹത്യാശ്രമം നടത്തിയിട്ടുള്ള ചരിത്രമുണ്ടെങ്കിൽ അത്തരം വ്യക്തികൾക്ക് ഭാവിയിലും അപകടസാധ്യത കൂടുതലാണ്.
നേരത്തെയുള്ള കണ്ടെത്തലും പ്രതിരോധവും
“ആത്മഹത്യയെക്കുറിച്ച് ചോദിച്ചാൽ അത് അവരുടെ മനസ്സിൽ ആ ചിന്ത വളർത്തുമോ?” എന്നതാണ് പൊതുസമൂഹത്തിലെ കൂടുതലായി ഉയർന്ന് വരുന്ന സംശയം. എന്നാൽ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത് മറിച്ചാണ്. മാനസിക വിഷമം അനുഭവിക്കുന്ന ഒരാളോട് തങ്ങളുടെ വേദന കേൾക്കാൻ ഒരാളുണ്ടെന്ന ബോധ്യം വ്യക്തിയെ അപകടകരമായ തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കും.
ഉറ്റവർക്ക് എന്തൊക്കെ ചെയ്യാം?
ജഡ്ജ് ചെയ്യാതെ, ഉപദേശങ്ങൾ നൽകാതെ വിഷമങ്ങൾ ക്ഷമയോടെ കേട്ടിരിക്കുക.
മേൽ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ തന്നെ ഒരു സൈക്യാട്രിസ്റ്റിന്റെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ സഹായം ഉറപ്പാക്കുക.
ശാസ്ത്രീയ ചികിത്സാരീതികൾ
ആത്മഹത്യാ പ്രവണത ഒരു രോഗലക്ഷണമാണ്. അതിന് ശാസ്ത്രീയമായ ചികിത്സകൾ ലഭ്യമാണ്:
തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ ആന്റീഡിപ്രസന്റുകളും മൂഡ് സ്റ്റെബിലൈസറുകളും നൽകാറുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ വൈദ്യനിരീക്ഷണത്തിലുള്ള മരുന്നുകൾ ആത്മഹത്യാ ചിന്തകളെ പെട്ടെന്ന് നിയന്ത്രിക്കാൻ സഹായിക്കും.
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT): വ്യക്തിയുടെ നിഷേധാത്മകവും ദോഷകരവുമായ ചിന്താരീതികളെ തിരിച്ചറിഞ്ഞ്, അവയെ പോസിറ്റീവായ രീതിയിലേക്ക് മാറ്റിയെടുക്കാൻ ഈ സൈക്കോതെറാപ്പി സഹായിക്കുന്നു.
ഡയലക്റ്റിക്കൽ ബിഹേവിയറൽ തെറാപ്പി (DBT): തീവ്രമായ വൈകാരിക പ്രക്ഷുബ്ധതകളും വ്യക്തിത്വ വൈകല്യങ്ങളും അനുഭവിക്കുന്നവർക്ക് വികാരങ്ങളെ സ്വയം നിയന്ത്രിക്കുന്നതിനായി ഈ തെറാപ്പി ഏറെ ഫലപ്രദമാണ്.
ഇന്റർപേഴ്സണൽ തെറാപ്പി (IPT): വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന തകരാറുകളും മാനസിക സമ്മർദ്ദങ്ങളും പരിഹരിക്കാൻ ഈ രീതി സഹായിക്കുന്നു.
ലഭ്യമായ ചികിത്സകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. മാനസിക പ്രയാസങ്ങൾ അനുഭവപ്പെടുന്നത് ബലഹീനതയല്ല.
താൽക്കാലികമാണ് ഈ പ്രതിസന്ധി: മാനസിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന ആത്മഹത്യാ ചിന്തകൾ താൽക്കാലികം മാത്രമാണ്. കൃത്യമായ വൈദ്യസഹായത്താൽ ഏതാനും ദിവസങ്ങൾ കൊണ്ട് ഈ അവസ്ഥ മാറ്റിയെടുക്കാൻ സാധിക്കും.
തുറന്നു സംസാരിക്കാം: വിഷാദമോ ഉത്കണ്ഠയോ അലട്ടുന്നുണ്ടെങ്കിൽ ഒളിച്ചുവെക്കാതെ വിദഗ്ദ്ധ ചികിത്സ തേടുക.
സഹായഹസ്തങ്ങൾ പ്രയോജനപ്പെടുത്താം: അടിയന്തിര ഘട്ടങ്ങളിൽ ദിശ (1056), ടെലി-മാനസ് (14416) തുടങ്ങിയ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
തീവ്രമായ ഇരുട്ടിനു ശേഷവും വെളിച്ചമുണ്ട്. ശരിയായ പരിചരണവും കരുതലുമുണ്ടെങ്കിൽ ഏത് മാനസിക പ്രതിസന്ധിയെയും അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയും.


