അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ടതും ദിവസേന ഉപയോഗിക്കുന്നതുമായ ഉപകരണങ്ങളിൽ ഒന്നാണ് പ്രഷർ കുക്കർ. എന്നാൽ മറ്റ് പാത്രങ്ങൾ പോലെ നിത്യേന ഉപയോഗിക്കുന്ന കുക്കറുകൾ മാറ്റാറായി എന്നതിന്റെ ലക്ഷണങ്ങൾ പലപ്പോഴും നമ്മൾ അവഗണിക്കാറുണ്ട്.
നിലവാരമുള്ള മോഡലുകൾ വർഷങ്ങളോളം സേവനം നൽകാറുണ്ടെങ്കിലും, അവയുടെ ആയുസ്സും സുരക്ഷയും സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
പ്രഷർ കുക്കറിന്റെ ആയുസ്സ് എത്രകാലം?
പ്രഷർ കുക്കറിന്റെ ആയുസ്സ് പ്രധാനമായും അതിന്റെ ബ്രാൻഡിനെയും ഉപയോഗ രീതിയെയും ആശ്രയിച്ചിരിക്കുന്നു. പതിവായി വൃത്തിയാക്കുകയും കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്ന നല്ല നിലവാരമുള്ള കുക്കറുകൾ അഞ്ച് വർഷം മുതൽ പരമാവധി പത്തുവർഷം വരെ പ്രവർത്തിച്ചേക്കാം.
എങ്കിലും, പത്തുവർഷത്തിലധികം പഴക്കമുള്ളതും അമിതമായി ഉപയോഗിച്ചതുമായ കുക്കറുകൾ യാതൊരു കാരണവശാലും തുടർന്ന് ഉപയോഗിക്കരുത്. ഇവ മാറ്റിസ്ഥാപിക്കേണ്ടത് സുരക്ഷയ്ക്ക് ഏറെ പ്രധാനമാണ്.
അപകടസാധ്യതകളും കേടുപാടുകളുടെ ലക്ഷണങ്ങളും
പ്രഷർ കുക്കറുകൾ പ്രവർത്തിക്കുന്നത് ഉയർന്ന താപത്തിലും മർദ്ദത്തിലുമാണ്. അതിനാൽ കാലക്രമേണ ഇവയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്.
പഴകിയ ഗാസ്ക്കറ്റുകൾ:
കുക്കറിലെ ഗാസ്ക്കറ്റുകളും സീലുകളും പഴകിയാൽ ആവി പുറത്തേക്കുപോകാൻ കാരണമാകും. ഇത് പാചകത്തിന്റെ കാര്യക്ഷമത കുറയ്ക്കുക മാത്രമല്ല, പൊള്ളലേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
സുരക്ഷാ വാൽവ് തകരാറുകൾ:
സുരക്ഷാ വാൽവ് തകരാറിലാകുന്നത് അമിത മർദ്ദത്തിനും വലിയ അപകടങ്ങൾക്കും കാരണമായേക്കാം.
മറ്റ് ലക്ഷണങ്ങൾ:
ഗാസ്ക്കറ്റുകൾ അയഞ്ഞുപോകുക, അടപ്പ് കൃത്യമായി അടയാതിരിക്കുക, കുക്കറിന് ഘടനാപരമായ കേടുപാടുകൾ സംഭവിക്കുക എന്നിവയെല്ലാം കുക്കർ മാറ്റേണ്ടതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
കുക്കർ സുരക്ഷിതമായി സൂക്ഷിക്കാൻ ചില വഴികൾ
ഉപയോഗശേഷം ഉടൻ തന്നെ ചെറുചൂടുവെള്ളത്തിൽ കുക്കർ കഴുകി വൃത്തിയാക്കുക.
കുക്കറിന്റെ ഓരോ ഭാഗവും (വാഷറും വെയിറ്റും അടക്കം) മറ്റുള്ളവയിൽ നിന്ന് വേർതിരിച്ച് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
കട്ടിയുള്ള കറകൾ നീക്കം ചെയ്യാൻ ബേക്കിങ് പൗഡറും വെള്ളവും ചേർത്ത മിശ്രിതം ഉപയോഗിക്കാം.
12 മണിക്കൂറിൽ കൂടുതൽ ഭക്ഷണസാധനങ്ങളോ വെള്ളമോ മറ്റ് വസ്തുക്കളോ കുക്കറിൽ വെക്കാൻ പാടില്ല. പാചകം ചെയ്ത ഭക്ഷണം കുക്കറിൽ തന്നെ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
ഈർപ്പം അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും ദുർഗന്ധം തടയാനും മൂടി ചെറുതായി തുറന്ന് വെച്ച് ഉണക്കി സൂക്ഷിക്കാം.
വർഷത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും കുക്കർ വിദഗ്ധമായി പരിശോധിച്ച് അയഞ്ഞ സ്ക്രൂകൾ ഉണ്ടെങ്കിൽ മുറുക്കണം. വാഷറും വെയിറ്റും (പ്രഷർ റെഗുലേറ്റർ) പ്രത്യേക ശ്രദ്ധയോടെ പരിപാലിക്കുക.
പുതിയ പ്രഷർ കുക്കർ വാങ്ങുമ്പോൾ
ഒരു പുതിയ കുക്കർ തിരഞ്ഞെടുക്കുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകുക. പ്രഷർ ഇൻഡിക്കേറ്ററുകളും ആധുനിക സുരക്ഷാ വാൽവുകളുമുള്ള മോഡലുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
കൂടുതൽ ഈടുനിൽപ്പിനും ആരോഗ്യ സുരക്ഷയ്ക്കും അലുമിനിയത്തിന് പകരം സ്റ്റെയിൻലെസ് സ്റ്റീൽ കുക്കറുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം. കൂടാതെ, വാറന്റി പരിശോധിച്ച് അംഗീകൃത കമ്പനികളുടെ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക.


