ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ രണ്ട് വിക്കറ്റുകൾ നേടിയതോടെ ടെസ്റ്റ് ഫോർമാറ്റിൽ 450 വിക്കറ്റുകൾ പൂർത്തിയാക്കാൻ സ്റ്റാർക്കിന് സാധിച്ചു. മത്സരത്തിൽ സൗത്ത് ആഫ്രിക്കൻ താരങ്ങളായ വ്ലാൻ മൾഡർ, മാത്യു ബ്രീറ്റ്സ്കെ എന്നിവരെയാണ് സ്റ്റാർക്ക് പുറത്താക്കിയത്.
പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 450 വിക്കറ്റുകൾ വീഴ്ത്തുന്ന താരവും മിച്ചൽ സ്റ്റാർക്ക് തന്നെയാണ്. ഇതിഹാസ താരം ഗ്ലെൻ മഗ്രാത്തിനെ മറികടന്നാണ് താരത്തിന്റെ റെക്കോർഡ് വേട്ട. 20, 577 പന്തുകളിൽ നിന്നുമാണ് സ്റ്റാർക്ക് 450 വിക്കറ്റുകൾ വീഴ്ത്തിയത്. ഗ്ലെൻ മഗ്രാത്തിന് ഈ ചരിത്ര നേട്ടത്തിലെത്താൻ 23, 474 പന്തുകളാണ് വേണ്ടിയിരുന്നത്.
ടെസ്റ്റിൽ 450 വിക്കറ്റുകൾ വീഴ്ത്തുന്ന നാലാമത്തെ ഓസ്ട്രേലിയൻ താരമാണ് സ്റ്റാർക്ക്. ഷെയ്ൻ വോൺ, ഗ്ലെൻ മഗ്രാത്ത് നഥാൻ ലിയോൺ എന്നിവർക്ക് ശേഷമാണ് സ്റ്റാർക്കിന്റെ നേട്ടം.
അതേസമയം ഓസ്ട്രേലിയ-സൗത്ത് ആഫ്രിക്ക ആദ്യ ടെസ്റ്റിൽ ഓസീസ് 214 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സൗത്ത് ആഫ്രിക്കക്ക് രണ്ടാം ടെസ്റ്റ് അതിനിർണായകമാണ്. രണ്ടാം ടെസ്റ്റ് വിജയിച്ചാൽ ഓസ്ട്രേലിയക്ക് പരമ്പര കൈപ്പിടിയിലാക്കാം.


