മയാമി: അമേരിക്കൻ സോക്കർ ലീഗിൽ (MLS) സൂപ്പർ താരം ലയണൽ മെസിക്ക് തുണയായി ലീഗിന്റെ പ്രത്യേക ‘നല്ലനടപ്പ്’ നിയമം.
വ്യാഴാഴ്ച ഇന്റർ മിയാമിയും എഫ്.സി സിൻസിനാറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ മെസിക്ക് സീസണിലെ അഞ്ചാം മഞ്ഞക്കാർഡ് ലഭിച്ചെങ്കിലും താരത്തിന് അടുത്ത മത്സരത്തിൽ സസ്പെൻഷൻ ഉണ്ടാകില്ല.
സാധാരണഗതിയിൽ അഞ്ച് മഞ്ഞക്കാർഡുകൾ ലഭിച്ചാൽ ഒരു മത്സരത്തിൽ വിലക്ക് ലഭിക്കേണ്ടതാണ്. എന്നാൽ എം.എൽ.എസിലെ പ്രത്യേക അച്ചടക്ക വ്യവസ്ഥയാണ് മെസിക്ക് അനുഗ്രഹമായത്.
കൊളറാഡോ റാപിഡ്സ്, ഒർലാന്റോ സിറ്റി, നാഷ്വിൽ സിറ്റി എസ്.സി, അറ്റ്ലാന്റ യുണൈറ്റഡ് എന്നിവയ്ക്കെതിരായ മത്സരങ്ങളിലായിരുന്നു മെസിക്ക് മുൻപ് മഞ്ഞക്കാർഡുകൾ ലഭിച്ചിരുന്നത്. സിൻസിനാറ്റിക്കെതിരായ മത്സരത്തിലെ കാർഡുകൂടി വന്നതോടെ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെതിരെയുള്ള അടുത്ത മത്സരത്തിൽ മെസിക്ക് വിലക്ക് ലഭിക്കേണ്ടതായിരുന്നു.
എന്നാൽ ലീഗിലെ ‘ഗുഡ് ബിഹേവിയർ ഇന്സെന്റീവ്’ (നല്ലനടപ്പ് നിയമം) നടപ്പിലാക്കിയതിലൂടെയാണ് ഈ പ്രതിസന്ധി ഒഴിവായത്.
എന്താണ് എം.എൽ.എസിലെ ‘നല്ലനടപ്പ്’ നിയമം?
ഒരു താരത്തിന് ദീർഘകാലം മഞ്ഞക്കാർഡ് ലഭിക്കാതിരുന്നാൽ അയാളുടെ കയ്യിലുള്ള കാർഡുകളുടെ എണ്ണം കുറയ്ക്കാനുള്ള വ്യവസ്ഥയാണിത്. വടക്കേ അമേരിക്കൻ ഫുട്ബോളിൽ സ്ഥിരതയും അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നിയമം നടപ്പിലാക്കിയിട്ടുള്ളത്.
നിയമപ്രകാരം, ഒരു താരം തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ കളിക്കുകയും, ആ മത്സരങ്ങളിൽ മഞ്ഞക്കാർഡോ ചുവപ്പ് കാർഡോ മറ്റ് അച്ചടക്ക നടപടികളോ നേരിടാതിരിക്കുകയും ചെയ്താൽ, ഓരോ തവണയും അയാളുടെ ആകെ മഞ്ഞക്കാർഡുകളുടെ എണ്ണത്തിൽ നിന്ന് ഒന്ന് വീതം സ്വയമേവ കുറയ്ക്കും.
ഒരു റെഗുലർ സീസണിൽ പരമാവധി മൂന്ന് തവണയാണ് ഈ ഇളവ് ലഭിക്കുക. കാർഡുകളുടെ എണ്ണം പൂജ്യത്തിന് താഴേക്ക് പോകില്ല.
ഈ സീസണിൽ മെസി ഈ നിയമത്തിന്റെ ആനുകൂല്യം രണ്ട് തവണ നേടിയിട്ടുണ്ട്. മഞ്ഞക്കാർഡോ മറ്റ് ശിക്ഷാ നടപടികളോ ഇല്ലാതെ രണ്ട് തവണ അഞ്ച് മത്സരങ്ങളുടെ കാലയളവ് പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞു. ഇതിലൂടെ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് രണ്ട് കാർഡുകൾ ഒഴിവാക്കപ്പെടുകയായിരുന്നു.
ഇതുപ്രകാരം, സിൻസിനാറ്റിക്കെതിരെ ലഭിച്ചത് സീസണിലെ അഞ്ചാമത്തെ കാർഡ് ആയിരുന്നുവെങ്കിലും ഔദ്യോഗിക കണക്കിൽ മെസിയുടെ മഞ്ഞക്കാർഡുകൾ മൂന്നായി കുറഞ്ഞു.
അതിനാൽ ഞായറാഴ്ച നടക്കുന്ന ന്യൂ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കളിക്കാൻ മെസിക്ക് യാതൊരു തടസ്സവുമില്ല.
ഗോൾഡൻ ബൂട്ട് ലക്ഷ്യമിട്ട് മെസി
അതേസമയം, തുടർച്ചയായി രണ്ടാം തവണയും എം.എൽ.എസിലെ ഗോൾഡൻ ബൂട്ട് ലക്ഷ്യമിട്ടാണ് മെസി കളത്തിലിറങ്ങുന്നത്. നിലവിൽ അർജന്റൈൻ ഇതിഹാസത്തിന്റെ അക്കൗണ്ടിൽ 25 ഗോളുകളാണുള്ളത്.
അസിസ്റ്റുകളുടെ കാര്യത്തിൽ സൗത്ത് കൊറിയൻ താരം സൺ ഹ്യൂങ് മിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് മെസി ഇപ്പോൾ ഉള്ളത്.


