ഫുട്ബോൾ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വ മുഹൂർത്തത്തിന് കളമൊരുങ്ങുന്നു. അർജന്റീനയുടെ ഇതിഹാസ താരം കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരത്തിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആദ്യമായി ഒരേ ടീമിൽ അണിനിരക്കും. 2026 ഡിസംബറിൽ ബ്യൂണസ് ഐറിസിലെ ബോക്ക ജൂനിയേഴ്സിന്റെ പ്രശസ്തമായ ലാ ബോംബെനേര സ്റ്റേഡിയത്തിലാണ് ഈ ചരിത്ര മത്സരം നടക്കുന്നത്.
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് പ്രതിഭകളായ മെസ്സിയും റൊണാൾഡോയും തങ്ങളുടെ കരിയറിലുടനീളം കടുത്ത എതിരാളികളായിട്ടാണ് പന്ത് തട്ടിയിട്ടുള്ളത്. എന്നാൽ ക്ലബ്ബ് തലത്തിലോ രാജ്യാന്തര തലത്തിലോ ഇരുവരും ഇതുവരെ ഒരു ടീമിനായി ഒപ്പത്തിനൊപ്പം കളിച്ചിട്ടില്ല. തന്റെ വിടവാങ്ങൽ മത്സരത്തിൽ ഇരുവരെയും ഒരേ ടീമിൽ അണിനിരത്തുക എന്നത് തന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്ന് ടെവസ് വ്യക്തമാക്കി.
ടെവസിന്റെ വാക്കുകൾ:
“ക്രിസ്റ്റ്യാനോയും ലിയോയും ഒരു ടീമിൽ കളിക്കുന്നത് കാണാൻ ഞാൻ എക്കാലവും ആഗ്രഹിച്ചിട്ടുണ്ട്. ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാർ അവരാണ്. ഞാൻ അവരുമായി ബന്ധപ്പെട്ടു, പ്രത്യേകിച്ച് ക്രിസ്റ്റ്യാനോയോട് എന്റെ വിടവാങ്ങൽ മത്സരത്തിൽ നിങ്ങളും മെസ്സിയും ഒരേ ടീമിൽ ഉണ്ടാകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ലോകം മുഴുവൻ ആ മാന്ത്രികതയ്ക്ക് ഒരിക്കൽ കൂടി സാക്ഷ്യം വഹിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം,” ടെവസ് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
“താൻ അവിടെ ഉണ്ടാകുമെന്ന് ക്രിസ്റ്റ്യാനോ സമ്മതിച്ചു. ലിയോയെ ബോധ്യപ്പെടുത്തുന്നതും പ്രയാസകരമായിരുന്നില്ല. രണ്ടുപേരും ക്ഷണത്തിന് സമ്മതം മൂളിയിട്ടുണ്ട്. എനിക്ക് വല്ലാത്തൊരു ആവേശമുണ്ട്. ഈ മത്സരം ഏറെ വികാരഭരിതമായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുവരുമായുള്ള അടുത്ത ബന്ധം
കാർലോസ് ടെവസിന് മെസ്സിയുമായും റൊണാൾഡോയുമായും മികച്ച ഫുട്ബോൾ ബന്ധമാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം 80 മത്സരങ്ങളിൽ ടെവസ് കളിച്ചിട്ടുണ്ട്. അതേസമയം അർജന്റീന ദേശീയ ടീമിനായി ലയണൽ മെസ്സിക്കൊപ്പം 47 തവണയും താരം പിച്ചിൽ ഒപ്പമുണ്ടായിരുന്നു. ഈ സൗഹൃദമാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഇതിഹാസങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്താൻ ടെവസിനെ തുണച്ചത്.
ടെവസ് തന്റെ കരിയർ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്ത ലാ ബോംബെനേര സ്റ്റേഡിയം ഈ വിടവാങ്ങൽ മത്സരത്തിന് വേദിയാകുമ്പോൾ, ലോക ഫുട്ബോളിന്റെ മുഴുവൻ കണ്ണുകളും അർജന്റീനയിലേക്കായിരിക്കും. മത്സരത്തിന്റെ ഔദ്യോഗിക തീയതിയും മറ്റ് താരങ്ങളുടെ പട്ടികയും വരും ദിവസങ്ങളിൽ പുറത്തുവിടും.


