ടോക്കിയോ: ജപ്പാനെതിരായ ടി-20 മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര നാണംകെട്ട് തകർന്ന് വീണു. മഴ മൂലം അഞ്ചോവറിലാക്കി വെട്ടിക്കുറച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത അഞ്ചോവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് മാത്രമെടുക്കാനേ കഴിഞ്ഞുള്ളൂ. കളിയിൽ ജപ്പാന്റെ വിജയലക്ഷ്യം 33 റൺസ് മാത്രമായിരുന്നു.
എന്നാൽ പൊരുതി നോക്കിയ ജപ്പാൻ 5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എടുക്കാനേ സാധിച്ചുള്ളു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കം മുതൽ തന്നെ പിഴച്ചു. യുവതാരം വൈഭവ് സൂര്യവംശിക്ക് വീണ്ടും പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാത്ത മത്സരത്തിൽ അഭിഷേക് ശർമയും സഞ്ജു സാംസണുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്.
പിച്ചിൽ നിന്ന് മികച്ച സ്വിങ്ങും ടേണും ലഭിച്ചതോടെ ജാപ്പനീസ് സ്പിന്നർമാർ ഇന്ത്യൻ ബാറ്റിംഗ് നിരയെ പൂർണ്ണമായും വരിഞ്ഞുകെട്ടി. ഇടംകൈയൻ സ്പിന്നർ ചാർളി ഹരാരെ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ അഞ്ച് പന്തുകളും നേരിട്ട് 7 റൺസെടുത്ത സഞ്ജു സാംസൺ, പുറത്താകാതെ നിന്നപ്പോൾ, അതേ ഓവറിലെ അവസാന പന്ത് നേരിട്ട ഓപ്പണർ അഭിഷേക് ശർമ ഗോൾഡൻ ഡക്കായാണ് മടങ്ങിയത്. പിന്നാലെ ഓഫ് സ്പിന്നർ ഇബ്രാഹിം തകാഷി എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തിൽ സഞ്ജു സാംസണും (7 പന്തിൽ 9 റൺസ്) ക്യാച്ച് നൽകി പുറത്തായി.
രണ്ടോവർ പിന്നിടുമ്പോൾ ഇന്ത്യയുടെ സ്കോർബോർഡിൽ 12 റൺസ് മാത്രമാണുണ്ടായിരുന്നത്. മൂന്നാം ഓവറിൽ ഇഷാൻ കിഷനും (6 പന്തിൽ 3 റൺസ്) മടങ്ങിയതോടെ ഇന്ത്യ പൂർണ്ണ പ്രതിരോധത്തിലായി. പിന്നീട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ അല്പം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അവസാന ഓവറിൽ പുറത്തായി. 12 പന്തിൽ 16 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തിലക് വർമ്മ 3 പന്തിൽ 1 റണ്ണുമായി പുറത്താകാതെ നിന്നു.
ലോകോത്തര താരങ്ങളടങ്ങിയ ഇന്ത്യൻ നിരയിൽ ആകെ പിറന്നത് രണ്ട് ബൗണ്ടറികൾ മാത്രമാണ് (ഒരെണ്ണം സഞ്ജുവിന്റെ ബാറ്റിൽ നിന്നും മറ്റൊരെണ്ണം ശ്രേയസ് അയ്യരിൽ നിന്നും). മത്സരത്തിൽ ഒരു സിക്സ് പോലും നേടാൻ ഇന്ത്യക്കായില്ല. ജപ്പാനുവേണ്ടി ചാർളി ഹരാ ഹിൻസെ രണ്ട് ഓവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഇബ്രാഹിം തകാഷി, ബെഞ്ചമിൻ ഡേവിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.


