കൊറോഗി: 2026 ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണ്ണ മെഡൽ.
കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ 147 റൺസിന്റെ റെക്കോർഡ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
സ്മൃതി മന്ഥാനയുടെ വെടിക്കെട്ട് ബാറ്റിംഗും ഇന്ത്യൻ ബൗളർമാരുടെ ക്ലിനിക്കൽ പ്രകടനവുമാണ് ടീമിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത്.
മന്ഥാനയുടെയും റിച്ചയുടെയും വെടിക്കെട്ട് ബാറ്റിംഗ്
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നിൽ വെച്ചത്.
ഇന്ത്യൻ നിരയിൽ തകർത്തടിച്ച വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന വെറും 45 പന്തിൽ നിന്ന് 79 റൺസ് വാരിക്കൂട്ടി. തുടക്കം മുതൽ ശ്രീലങ്കൻ ബൗളർമാരെ കടന്നാക്രമിച്ച മന്ഥാന സ്കോർബോർഡ് അതിവേഗം ഉയർത്തി.
മന്ഥാനയ്ക്ക് മികച്ച പിന്തുണ നൽകിയ വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് വെറും 22 പന്തിൽ നിന്ന് പുറത്താകാതെ 49 റൺസ് നേടി.
അർധസെഞ്ച്വറിക്ക് തൊട്ടരികെയണ് താരം ഇന്നർങ്സ് അവസാനിപ്പിച്ചത്. ഇന്ത്യൻ ബാറ്റർമാരുടെ ആഞ്ഞടിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ശ്രീലങ്കൻ ബൗളർമാർ വല്ലാതെ ബുദ്ധിമുട്ടി. ചാമുഡി പ്രബോദ നാല് ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
തകർന്നടിഞ്ഞ് ശ്രീലങ്കൻ നിര
217 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കൻ ഇന്നിംഗ്സിന് ഒരിക്കലും താളം കണ്ടെത്താനായില്ല.
റൺ റേറ്റിന്റെ കനത്ത സമ്മർദ്ദത്തിൽ തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടപ്പെട്ട ലങ്കൻ പടയ്ക്ക് പിന്നീട് തിരിച്ചുവരാൻ സാധിച്ചില്ല. വെറും 2.5 ഓവറിൽ 18 റൺസിന് ഇമേഷ ദുലാനി പുറത്തായതോടെ തകർച്ച തുടങ്ങി.
ക്യാപ്റ്റൻ ചാമരി അതപത്തു (21 പന്തിൽ 29 റൺസ്), കൗഷിനി നുത്യംഗാന എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യൻ ബൗളർമാരുടെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ശ്രീലങ്ക വെറും 69 റൺസിന് ഓൾ ഔട്ടായി.
ദീപ്തി ശർമ്മയും ഷഫാലി വർമ്മയും അടങ്ങിയ ഇന്ത്യൻ ബൗളിംഗ് നിര ലങ്കൻ ബാറ്റിംഗ് നിരയെ പൂർണ്ണമായി എറിഞ്ഞിടുകയായിരുന്നു.
ഈ ചരിത്ര വിജയത്തോടെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ കിരീടം ചൂടി ഇന്ത്യൻ വനിതകൾ രാജ്യത്തിന് അഭിമാനകരമായ നിമിഷം സമ്മാനിച്ചു.


