ഭക്ഷണം കഴിച്ചുകഴിഞ്ഞാലോ വെറുതെയിരിക്കുമ്പോഴോ മധുരം കഴിക്കണമെന്ന് തോന്നാറുണ്ടോ? എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ കഴിയാത്തവരാണ് നമ്മളിൽ പലരും.
എന്നാൽ അമിതമായി മധുരം കഴിക്കുന്നത് ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. നിങ്ങൾ ഡയറ്റിലാണെങ്കിലോ അല്ലെങ്കിൽ മധുരത്തോടുള്ള കൊതി എങ്ങനെ നിയന്ത്രിക്കണമെന്ന് ആലോചിക്കുകയാണെങ്കിലോ, ഈ ലളിതമായ മാർഗ്ഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.
- കാർബോഹൈഡ്രേറ്റ് കൃത്യമായ അളവിൽ ഉൾപ്പെടുത്തുക
മധുരത്തോടുള്ള കൊതി കുറയ്ക്കാൻ മുഴുവൻ ധാന്യങ്ങളും അടങ്ങിയ ആഹാരങ്ങൾ ചെറിയ അളവിൽ ഡയറ്റിൽ ഉൾപ്പെടുത്തുക.

വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾക്ക് പകരം ഗോതമ്പ്, ചോളം, അരി എന്നിവയും കാർബ്സ് അടങ്ങിയ പച്ചക്കറികളും തിരഞ്ഞെടുക്കാം. ഇത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.
- പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
ഡയറ്റ് നോക്കുമ്പോൾ പലപ്പോഴും നമ്മൾ ഒഴിവാക്കുന്ന ഒന്നാണ് പ്രോട്ടീൻ. എന്നാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിച്ചാൽ മധുരത്തോടുള്ള കൊതിയും പെട്ടെന്ന് ഭക്ഷണം കഴിച്ചുതീർക്കാനുള്ള പ്രവണതയും കുറയും.

ഇതിനായി നട്സ്, തൈര്, കൊഴുപ്പ് കുറഞ്ഞ മാംസം, പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.
- നാരുകൾ അടങ്ങിയ ആഹാരങ്ങൾ (Fiber Rich Foods)
ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തുന്നത് വഴി പെട്ടെന്ന് വയർ നിറഞ്ഞ പ്രതീതി ഉണ്ടാകുകയും അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.

ഇത് സാവധാനത്തിൽ മധുരത്തോടുള്ള കൊതിയും ഇല്ലാതാക്കുന്നു. ഇതിനായി പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ധാരാളമായി ചേർക്കുക.
- ആരോഗ്യകരമായ മറ്റ് മാർഗ്ഗങ്ങൾ
ഡാർക്ക് ചോക്ലേറ്റ്:
മധുരം കഴിക്കാൻ തോന്നിയാൽ നല്ല ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കാം.

ഇത് മധുരം കഴിച്ച സംതൃപ്തി നൽകുന്നതോടൊപ്പം കൊതി കുറയ്ക്കാനും സഹായിക്കും.
ഹെൽത്തി ചിയ സീഡ് പുഡ്ഡിംഗ്:
ചിയ സീഡ്സ്, ഉപ്പ്, തേങ്ങാപ്പാൽ, കാപ്പിപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഫ്രിഡ്ജിൽ വെക്കുക.

ഇത് തണുത്തുറയുമ്പോൾ ഈന്തപ്പഴ സിറപ്പും മുകളിൽ ഉരുക്കിയ ഡാർക്ക് ചോക്ലേറ്റും ചേർത്ത് കഴിക്കുന്നത് വളരെ ആരോഗ്യകരവും രുചികരവുമായ ഒരു ഓപ്ഷനാണ്.
നട്സും ഈന്തപ്പഴവും:
മധുരം കഴിക്കാൻ തോന്നുന്ന സമയത്ത് ബദാമോ ഉണക്കമുന്തിരിയോ കഴിക്കുക.ദിവസവും രണ്ട് ഈന്തപ്പഴം കുതിർത്തു കഴിക്കുന്നതും മധുരത്തോടുള്ള ആർത്തി കുറയ്ക്കാൻ സഹായിക്കും.

കൂടാതെ, ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഇത്തരം ശീലങ്ങളെ നിയന്ത്രിക്കാൻ മികച്ചൊരു വഴിയാണ്.


