വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ (Ironing) അയൺ ബോക്സിന്റെ അടിഭാഗത്ത് കറയും കരിഞ്ഞ പാടുകളും പിടിക്കുന്നത് സാധാരണമായൊരു പ്രശ്നമാണ്. വസ്ത്രങ്ങളിലെ നാരുകൾ ഉരുകിപ്പിടിക്കുന്നതും സ്റ്റാർച്ചിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നതുമെല്ലാം ഇതിന് കാരണമാകാറുണ്ട്.
കറ പിടിച്ച അയൺ ബോക്സ് ഉപയോഗിക്കുന്നത് പ്രിയപ്പെട്ട വസ്ത്രങ്ങളിൽ കറ പടരാൻ ഇടയാക്കും. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി അയൺ ബോക്സ് എളുപ്പത്തിൽ വൃത്തിയാക്കാൻ ചില വഴികൾ ഇതാ:
- ബേക്കിങ് സോഡ ഉപയോഗിച്ച് വൃത്തിയാക്കാം
അയൺ ബോക്സിന്റെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നീക്കം ചെയ്യാൻ ബേക്കിങ് സോഡ മികച്ചൊരു വഴിയാണ്.
ചെയ്യേണ്ട വിധം:
രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് സോഡയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. അയൺ ബോക്സിന്റെ പ്ലഗ് ഊരിയശേഷം ഇത് പൂർണമായും തണുക്കാൻ അനുവദിക്കുക.
തുടർന്ന് ഈ പേസ്റ്റ് കറയുള്ള ഭാഗത്ത് മൃദുവായി പുരട്ടി കുറച്ചുസമയം വയ്ക്കുക. പിന്നീട് നനഞ്ഞ മൃദുവായ തുണികൊണ്ട് തുടച്ച് പേസ്റ്റിന്റെ അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യാം.
- ഉപ്പ് ഉപയോഗിക്കുന്ന രീതി
അയൺ ബോക്സിലെ കറ നീക്കാൻ ഉപ്പ് ഉപയോഗിക്കുന്ന പൊടിക്കൈയും വളരെ പ്രചാരത്തിലുള്ളതാണ്.
ചെയ്യേണ്ട വിധം:
ഒരു പേപ്പറിൽ അൽപം ഉപ്പുപൊടി വിതറുക. ശേഷം അയൺ ബോക്സ് ചൂടാക്കി അതിന് മുകളിലൂടെ തേക്കുക. കറ പൂർണ്ണമായി നീങ്ങി സോൾ പ്ലേറ്റ് വൃത്തിയാകുന്നതുവരെ ഇത് തുടരുക.
- ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം
അയൺ ബോക്സിലെ കറ നീക്കാൻ ഉപ്പ് ഉപയോഗിക്കുന്ന ഒരു രീതിയാണ് ടൂത്ത് പേസ്റ്റ്.
ചെയ്യേണ്ട വിധം:
സാധാരണ ടൂത്ത് പേസ്റ്റ് അയൺ ബോക്സിന്റെ സോൾ പ്ലേറ്റിൽ തേച്ചുപിടിപ്പിക്കുക. മൂന്ന് മിനിറ്റ് അങ്ങനെതന്നെ വെച്ച ശേഷം ഒരു തുണികൊണ്ട് നന്നായി തുടച്ച് കളയുക.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
അയൺ ബോക്സ് വൃത്തിയാക്കുന്നതിന് മുമ്പ് പ്ലഗ് ഊരിമാറ്റിയെന്നും ഉപകരണം പൂർണമായും തണുത്തുവെന്നും എപ്പോഴും ഉറപ്പാക്കണം.
കത്തി, സ്ക്രൂഡ്രൈവർ, ലോഹ സ്ക്രബർ തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കറ ചുരണ്ടിമാറ്റാൻ ഒരിക്കലും ശ്രമിക്കരുത്. ഇത് അയൺ ബോക്സിന്റെ സോൾ പ്ലേറ്റിന് കേടുപാടുകൾ വരുത്തിയേക്കാം.


