വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. വിൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിലെ കുൽദീപിന്റെ മികച്ച ബൗളിങ് പ്രകടനങ്ങളെയാണ് വിഹാരി പ്രശംസിച്ചത്.
‘വെസ്റ്റ് ഇൻഡീസ് തുടക്കത്തിൽ ബാറ്റ് ചെയ്തത് കണ്ടപ്പോൾ 350-360 റൺസ് വരെ നേടുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ മത്സരം തിരിച്ചുപിടിച്ചത് കുൽദീപ് യാദവ് ആണ്. താനൊരു മാച്ച് വിന്നർ ആണെന്ന് അദ്ദേഹം വീണ്ടും കാണിച്ചു തന്നു. വിക്കറ്റ് നേടാൻ ബുദ്ധിമുട്ടിയ സമയത്ത് ടീമിന്റെ രക്ഷക്കെത്തിയത് കുൽദീപാണ്. ഓപ്പണർമാരെ അടക്കം നാല് പേരെയാണ് അദ്ദേഹം പുറത്താക്കിയത്. ഇതിൽ തുടർച്ചയായ രണ്ട് പന്തുകളിൽ രണ്ട് വിക്കറ്റുകളും നേടി. ഇത്രയും മികച്ചതായി കളിച്ചിട്ടും അദ്ദേഹത്തിന് എന്ത് കൊണ്ടാണ് ടീമിൽ സ്ഥിരമായി അവസരം നൽകാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല’ ഹനുമ വിഹാരി തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
വിൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റുകൾ നേടിയാണ് കുൽദീപ് തിളങ്ങിയത്. 10 ഓവറിൽ ഒരു മെയ്ഡൻ അടക്കം 40 റൺസ് വഴങ്ങിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്.
ആദ്യ ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. വിൻഡീസ് ഉയർത്തിയ 295 റൺസ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ് നടക്കുന്നത്. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.


