ഇംഗ്ലണ്ട് ടി-20 പരമ്പരയിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയത് തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയ ദിവസം താൻ ഉറങ്ങിയിട്ടില്ലെന്നാണ് ഗംഭീർ വെളിപ്പെടുത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗംഭീർ.
‘സത്യം പറഞ്ഞാൽ എന്റെ രണ്ട് വർഷത്തെ പരിശീലകനായുള്ള യാത്രയിൽ എനിക്ക് ഉറങ്ങാൻ സാധിക്കാതിരുന്ന ഒരേയൊരു രാത്രി അതായിരുന്നു. ഞാൻ ഈ കാര്യം സഞ്ജുവിനോടും പറഞ്ഞിരുന്നു. ലോകകപ്പ് ടൂർണമെന്റിലെ മികച്ച താരമായ ഒരാളെ മൂന്നോ നാലോ മത്സരങ്ങൾക്ക് ശേഷം മാറ്റേണ്ടി വരുകയെന്നത് ടി-20യിൽ എന്റെ പരിശീലക സമയത്തെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു അത്. എന്നാൽ വൈഭവ് മികച്ച ഫോമിൽ ആയിരുന്നത് കൊണ്ടും ഞങ്ങൾക്ക് പരമ്പര ജയിക്കേണ്ട സാഹചര്യം ആയതുകൊണ്ട് മാത്രമാണ് ആ തീരുമാനം എടുക്കേണ്ടി വന്നത്’ ഗംഭീർ പറഞ്ഞു.
അയർലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിൽ മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത്.

ഇന്ത്യക്ക് മൂന്നാം ടി-20 ലോക കിരീടം നേടികൊടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച സഞ്ജുവിന് വെറും മൂന്ന് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു ടീമിലെ സ്ഥാനം നഷ്ടമായിരുന്നത്. സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയായിരുന്നു ടീമിൽ ഇടം നേടിയത്. എന്നാൽ വൈഭവിന് ഈ പരമ്പരയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.
ഇതിന് ശേഷം നടന്ന സിംബാബ്വേക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. സഞ്ജുവിന് പകരം ഓപ്പണിങ് പൊസിഷനിലേക്ക് എത്തിയ വൈഭവ് മിന്നും പ്രകടനം നടത്തി പരമ്പരയിലെ താരമായും മാറിയിരുന്നു.
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരയിൽ സഞ്ജു ഇന്ത്യൻ ഓപ്പണിങ് സ്ഥാനത്തേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. പരമ്പരയിൽ രണ്ട് അർധ സെഞ്ച്വറികൾ നേടിയാണ് സഞ്ജു തിരിച്ചുവരവ് ഗംഭീരമാക്കിയത്.


