പട്ടുവം:കേരളോത്സവ ഫുട്ബോള്‍ മത്സരത്തിനിടെ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിക്ക് നേരെ കായികതാരങ്ങളുടെ ശക്തമായ പ്രതിഷേധം. മത്സരത്തിന്റെ ഭാഗമായി ടീമംഗങ്ങളെ പരിചയപ്പെടാനെത്തിയ കേസിലെ പ്രതിയും പട്ടുവം പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ സുരേഷിന് കളിക്കാര്‍ കൈ കൊടുക്കാതെ ഒഴിഞ്ഞുമാറി. ഷുക്കൂറിന്റെ ജന്മനാടായ തളിപ്പറമ്പിനടുത്ത പട്ടുവം പഞ്ചായത്തില്‍ നടന്ന കേരളോത്സവത്തോടനുബന്ധിച്ച് പട്ടുവം ടര്‍ഫിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അരിയില്‍ ഗ്രീന്‍ ബറ്റാലിയന് ടീമിലെ അംഗങ്ങളാണ് പ്രതിക്ക് ഹസ്തദാനം നല്കാന് വിസമ്മതിച്ച് പരസ്യമായി പിന്മാറിയത്.
2012 ഫെബ്രുവരി 20-നാണ് എം.എസ്.എഫ് നേതാവ് അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറ വള്ളുവന്‍കടവില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ തടങ്കലില്‍ വെച്ച് വിചാരണ നടത്തി കൊലപ്പെടുത്തിയത്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക സുപ്രീംകോടതി വരെ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
അന്നത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, മുന്‍ എം.എല്‍.എ ടി.വി. രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്ത്, വാര്‍ഡ് മെമ്പര്‍ സുരേഷ് ഉള്‍പ്പെടെ 33 പേരാണ് കേസിലെ പ്രതികള്‍. വിചാരണയ്ക്കിടെ രണ്ടുപേര്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് 31 പേരാണ് വിചാരണ നേരിടുന്നത്.
കോടതി നടപടികള്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് കായിക വേദികളില്‍ പോലും പ്രതികള്‍ക്കെതിരെയുള്ള ജനരോഷം പ്രകടമായി പുറത്തുവരുന്നത്. സി.ബി.ഐ പ്രത്യേക കോടതിയില്‍ തുടരുന്ന കേസിന്റെ വാദങ്ങള്‍ നവകേരളത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.


