റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയിലെ പ്രഥമ പാസ്സഞ്ചര്‍ റെയില്‍സര്‍വ്വീസായ ഇത്തിഹാദ് റെയില്‍ പ്രഥമ യാത്രാ സര്‍വ്വീസിന് തുടക്കമായി. കന്നി യാത്ര ഫുജൈറയില്‍നിന്നും അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനിലേക്കായിരുന്നു. രാവിലെ 5.45ന് ഫുജൈറയില്‍നിന്നും പുറപ്പെട്ട ട്രെയിന്‍ 7.30ന് അബുദാബി എംബിസെഡ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.
യുഎഇയുടെ ഗതാഗത ചരിത്രത്തില്‍ സുവര്‍ണ്ണാധ്യായം തുന്നിച്ചേര്‍ത്ത ഇത്തിഹാദ് റെയിലിന്റെ പ്രഥമ യാത്രാ സംഘത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള യാത്രാ സമയം വെറും 1 മണിക്കൂര്‍ 45 മിനിറ്റാണ്.
എമിറേറ്റുകള്‍ തമ്മിലുള്ള ഗതാഗത സംവിധാനം വര്‍ധിപ്പിക്കുക, യാത്രയും ചരക്കുനീക്കവും കൂടുതല്‍ കാര്യക്ഷമമാക്കുക, നിക്ഷേപം, ടൂറിസം, നഗരവികസനം എന്നിവയ്ക്കായി പുതിയ വാതായനങ്ങള്‍ തുറക്കുക എന്നിവ ഇത്തിഹാദ് റെയില്‍ ലക്ഷ്യമിടുന്നുണ്ട്.
ദുബൈ സ്റ്റേഷനും അല്‍ ദൈദ് സ്റ്റേഷനും 2026 സെപ്റ്റംബര്‍ 30 ന് ഔദ്യോഗികമായി തുറക്കും. തുടര്‍ന്ന് അല്‍ ദഫ്രയിലെ സ്റ്റേഷനുകള്‍ 2026 ഡിസംബര്‍ 30 ന് തുറക്കും. 2027 മാര്‍ച്ച് 30 ന് ഷാര്‍ജ ട്രെയിന്‍ സ്റ്റേഷന് തുറക്കുന്നതോടെ ഇത്തിഹാദ് റെയില്‍ പാത ആദ്യഘട്ടം പൂര്‍ത്തിയാകും.
പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി, പാസഞ്ചര്‍ റെയില്‍ ശൃംഖലയുടെ വിപുലീകരണം വിലയിരുത്തുന്നതിനായി സാധ്യതാ പഠനങ്ങള്‍ നടത്തും, ഇത് യുഎഇയുടെ പൂര്‍ണ്ണമായ സംയോജിത ദേശീയ ഗതാഗത സംവിധാനം എന്ന കാഴ്ചപ്പാടിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകും.

അബുദാബി-ഫുജൈറ റൂട്ടിലെ കംഫര്‍ട്ട് ക്ലാസിന് 55 ദിര്‍ഹവും പ്രീമിയം ക്ലാസിന് 120 ദിര്‍ഹവും മുതലാണ് നിരക്ക് ആരംഭിക്കുന്നത്. പാസഞ്ചര്‍ റെയില്‍ ഫ്ളീറ്റില്‍ 13 ട്രെയിനുകള്‍ ഉള്‍പ്പെടുന്നു, ഓരോന്നിനും 400 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയും. 2026 ജൂണ്‍ 23 മുതല്‍ ഇത്തിഹാദ് റെയില്‍ മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക വെബ്സൈറ്റും ഉള്‍പ്പെടെ നിരവധി സൗകര്യപ്രദമായ ചാനലുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് യാത്രകള്‍ ബുക്ക് ചെയ്യാനും ടിക്കറ്റുകള്‍ വാങ്ങാനും കഴിയും.
കഫേകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്, നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ എന്നിവയിലൂടെ പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് പുതിയ അനുഭവമായിരിക്കും. .


