യുവേഫ നേഷൻസ് ലീഗിൽ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ബെൽജിയത്തിനെതിരെ ഇറ്റലി പരാജയം ഏറ്റുവാങ്ങി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇറ്റലി തോൽവി വഴങ്ങിയത്. തുടർച്ചയായ മൂന്ന് ലോകകപ്പുകളിൽ യോഗ്യത നേടാൻ സാധിക്കാതെ പോയ ഇറ്റലി യുവേഫ നേഷൻസ് ലീഗിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തി.
2006ന് ശേഷം ഇതാദ്യമായാണ് അസൂറിപ്പട സ്വന്തം മണ്ണിൽ ഗോളുകൾ ഒന്നും നേടാതെ പരാജയപ്പെടുന്നത്. 2006ൽ ക്രോയേഷ്യക്കെതിരെയായിരുന്നു ഇത്തരത്തിലൊരു പരാജയം ഇറ്റലി നേരിട്ടിരുന്നത്. അന്നും 2-0ത്തിനായിരുന്നു അസൂറിപ്പട പരാജയപ്പെട്ടത്. 40 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇറ്റലി സ്വന്തം തട്ടകത്തിൽ ഗോൾ നേടാനാവാതെ എതിരാളികൾക്ക് മുന്നിൽ കീഴടങ്ങുന്നത്.
മത്സരത്തിൽ ബെൽജിയത്തിന് വേണ്ടി ഗോളുകൾ നേടിയത് മിക്ക ഗോഡ്, ഡോഡി ലുകെബാകിയോ എന്നിവരാണ്. ബെൽജിയത്തിന്റെ പോസ്റ്റിലേക്ക് 11 ഷോട്ടുകൾ ഇറ്റലി ഉന്നം വെച്ചെങ്കിലും ബെൽജിയത്തിന്റെ പ്രതിരോധം മറികടക്കാൻ സാധിച്ചില്ല.
ഗ്രൂപ്പ് എയിൽ നടന്ന മറ്റൊരു പോരാട്ടത്തിൽ ഫ്രാൻസ് തുർക്കിയെയും പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാൻസിന്റെ വിജയം. കിലിയൻ എംബാപ്പെയാണ് ഫ്രഞ്ച് പടയുടെ ഗോൾ സ്കോറർ.


