തെരുവോരത്ത് ചോലെ-കുൽച്ചെ വിറ്റ് ജീവിച്ച സാധാരണക്കാരന്റെ മകൻ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നെറുകയിലേക്ക്. അണ്ടർ 19 പുരുഷ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് പഞ്ചാബിലെ ജലന്ധർ സ്വദേശിയായ അർജുൻ രജ്പുത്.
കടുത്ത സാമ്പത്തിക പ്രതിസന്ധികളെയും പരിമിതമായ സാഹചര്യങ്ങളെയും അതിജീവിച്ചാണ് ഈ യുവതാരം ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നത്.
പാകിസ്ഥാനെതിരായ ഹൈവോൾട്ടേജ് മത്സരത്തിൽ ഇന്ത്യ തകർച്ച നേരിട്ടപ്പോഴാണ് അർജുൻ രക്ഷകനായത്. ഒമാനിലെ അൽ അമേരത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചു.
ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനി പൂജ്യത്തിന് പുറത്തായതടക്കം വെറും 42 റൺസിനിടയിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. പാക് ബൗളർമാർ കളം വാണ ആ ഘട്ടത്തിലാണ് അഞ്ചാം നമ്പറിൽ അർജുൻ ക്രീസിലെത്തിയത്.
സമ്മർദ്ദങ്ങളെല്ലാം അതിജീവിച്ച് ഉത്തരവാദിത്തം ഏറ്റെടുത്ത താരം ഗ്രൗണ്ടിൽ നിലയുറപ്പിച്ചു. എതിരാളികളുടെ മേൽ ആധിപത്യം സ്ഥാപിച്ച അർജുൻ വെറും 80 പന്തിൽ തന്റെ സെഞ്ച്വറി തികച്ചു.
മൊത്തം 85 പന്തുകൾ നേരിട്ട താരം 11 ഫോറുകളുടെയും 5 സിക്സറുകളുടെയും അകമ്പടിയോടെ 107 റൺസ് അടിച്ചുകൂട്ടിയാണ് പുറത്തായത് (സ്ട്രൈക്ക് റേറ്റ്: 125.88).
ലോവർ ഓർഡറിൽ കാവ്യ പട്ടേൽ (23 റൺസ്) കൂടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യൻ ടീം 46.3 ഓവറിൽ 208 റൺസിന് പുറത്താവുകയും പാകിസ്ഥാന് 209 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയും ചെയ്തു.
പോരാട്ടത്തിന്റെ കളി വഴി
ജലന്ധറിലെ ഒരു സാധാരണ കുടുംബത്തിലാണ് അർജുന്റെ ജനനം. ചോലെ-കുൽച്ചെ വിൽക്കുന്ന തെരുവു വണ്ടി നടത്തിയാണ് അച്ഛൻ ഹോട്ടി റാം കുടുംബം പോറ്റിയത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ക്രിക്കറ്റ് കരിയർ മുന്നോട്ട് കൊണ്ടുപോകുക എന്നത് അർജുനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായിരുന്നു. എങ്കിലും അച്ഛന്റെ പൂർണ്ണ പിന്തുണയും കഠിനാധ്വാനവും അവന് കരുത്തായി.
ജലന്ധറിലെ ഹർഭജൻ സിംഗ് ക്രിക്കറ്റ് അക്കാദമിയിലാണ് അർജുൻ പ്രാരംഭ പരിശീലനം നേടിയത്. അർജുന്റെ പ്രതിഭ തിരിച്ചറിഞ്ഞ അക്കാദമി അധികൃതരും പരിശീലകരും അദ്ദേഹത്തിന് വലിയ പിന്തുണയാണ് നൽകിയത്.
അക്കാദമി അടച്ചുപൂട്ടിയ ഘട്ടത്തിൽ ക്രിക്കറ്റ് തുടരുന്നതിനായി അദ്ദേഹത്തിന്റെ സ്കൂൾ ഫീസ് പോലും ഒഴിവാക്കാൻ സഹായിച്ചവരുണ്ട്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് അർജുനെ ദേശീയ ടീമിലെത്തിച്ചത്. പഞ്ചാബിന്റെ പ്രായപരിധി ടീമുകൾക്കായും അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായും താരം തിളങ്ങിയിട്ടുണ്ട്.
വിനൂ മങ്കാദ് ട്രോഫിയിൽ എട്ട് മത്സരങ്ങളിൽ നിന്നായി 695 റൺസ് അടിച്ചുകൂട്ടിയ അർജുൻ, കൂച്ച് ബീഹാർ ട്രോഫിയിലെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ അണ്ടർ 19 സ്ക്വാഡിൽ ഇടംനേടിയത്.
ബാറ്റിംഗിന് പുറമെ മികച്ചൊരു ഓഫ് സ്പിൻ ബൗളർ കൂടിയാണ് അർജുൻ. കഴിഞ്ഞ മത്സരത്തിൽ നേപ്പാളിനെതിരെ 5.3 ഓവറിൽ വെറും 8 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി താനൊരു മികച്ച ഓൾറൗണ്ടർ കൂടിയാണെന്ന് താരം തെളിയിച്ചിരുന്നു.
പരിമിതികളെ തോല്‍പ്പിച്ച് വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാമെന്ന് തെളിയിക്കുന്ന അർജുൻ രജ്പുത്തിന്റെ പ്രകടനം രാജ്യത്തെമ്പാടുമുള്ള യുവതാരങ്ങള്‍ക്ക് വലിയൊരു പ്രചോദനമാണ്.
, , , , ,


