പ്രശസ്ത യൂട്യൂബറും ട്രാവൽ വ്ലോഗറുമായ സുജിത് ഭക്തൻ അവതരിപ്പിക്കുന്ന ‘ചാറ്റ് വിത്ത് ഭക്തൻ’ (Chat with Bhakthan) പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ അതിഥിയായി എത്തിയ ഈ പ്രത്യേക എപ്പിസോഡ് സിനിമാ വിശേഷങ്ങൾക്കപ്പുറം വളരെ രസകരവും ഞെട്ടിക്കുന്നതുമായ യാത്രാനുഭവങ്ങൾ കൊണ്ടും ശ്രദ്ധേയമാവുകയാണ്.
സിനിമ, എഴുത്ത്, പ്രണയം, ബന്ധങ്ങൾ, ഭക്ഷണം തുടങ്ങിയ വിവിധ തുറകളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു വിമാന യാത്രാനുഭവത്തെക്കുറിച്ച് താരം മനസ്സ് തുറന്നു.
തുർക്ക്മെനിസ്താൻ എയർലൈൻസിൽ താൻ നടത്തിയ അവിസ്മരണീയവും എന്നാൽ ഭയപ്പെടുത്തുന്നതുമായ ഒരു യാത്രയാണ് അനൂപ് മേനോൻ പങ്കുവെച്ചത്.
തുർക്ക്മെനിസ്താൻ എയർലൈൻസിലെ വിചിത്ര അനുഭവം
“എന്റെ ജീവിതത്തിൽ ഇതിലും വൃത്തികെട്ട ഒരു ഫ്ലൈറ്റ് ഞാൻ കണ്ടിട്ടില്ല,” അനൂപ് മേനോൻ പറയുന്നു. “ബാക്കിൽ ആടൊക്കെ കരയുന്നുണ്ട്! തുർക്ക്മെനിസ്താൻ എയർലൈൻസ് ആണ്.
ബാക്കിൽ ആട് കരയുന്നു… കുറച്ച് വെജിറ്റബിൾസ് ഒക്കെ കൊട്ടയിലാക്കി ആൾക്കാർ ഒരു സൈഡിലൂടെ പോകുന്നുണ്ട്. ഫുൾ ഒരു മാർക്കറ്റ് സെറ്റപ്പ് ആണ്!”
അതിന് പുറമെ അതിഭീകരമായ ടർബുലൻസും (Turbulence) ആ യാത്രയെ കൂടുതൽ ഭയപ്പെടുത്തുന്നതാക്കി മാറ്റിയെന്ന് അദ്ദേഹം ഓർക്കുന്നു. “ഫ്ലൈറ്റ് മേലേക്ക് എത്തുമ്പോൾ ഹെവിയസ്റ്റ് ഓഫ് ടർബുലൻസ് ആയിരുന്നു.
കൂടെയുള്ളവർ കരയാൻ തുടങ്ങി. എല്ലാ വേർതിരിവുകളും വ്യത്യാസങ്ങളും അവിടെ നമ്മൾ മറന്നുപോകും. അപ്പോൾ കൈ ചേർത്തുപിടിച്ചിരിക്കുകയാണ്, കരച്ചിൽ നിർത്തുന്നേയില്ല!”
“ഈ ഫ്ലൈറ്റ് തകർന്നു വീണാൽ പൊടി പോലും കിട്ടില്ല!”
ടർബുലൻസ് ഒക്കെ കഴിഞ്ഞ് വിമാനം ശാന്തമായി പറന്നു തുടങ്ങിയപ്പോഴുള്ള അനുഭവത്തെക്കുറിച്ചും താരം വിവരിക്കുന്നുണ്ട്. “ഞാൻ താഴോട്ട് നോക്കുമ്പോൾ ഫുൾ പാറക്കെട്ടുകൾ! നമ്മുടെ അഫ്ഗാൻ ഏരിയയിലൂടെ ഒക്കെ പോകുമ്പോൾ കാണുന്ന ഫുൾ മണൽക്കൂനകളും പാറയും ഒക്കെ നിറഞ്ഞ സ്പേസ്.
അപ്പോൾ എന്റെ കൂടെയുണ്ടായിരുന്ന പ്രദീപ് എന്നോട് പറഞ്ഞു: ‘അളിയാ, ഇവിടെയെങ്ങാനും ഈ ഫ്ലൈറ്റ് തകർന്നു വീണാൽ നമ്മുടെ അച്ഛനും അമ്മയ്ക്കും നമ്മുടെ ഒരു പൊടി പോലും കാണാൻ പറ്റില്ല…’
അതോടുകൂടി എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു യാത്രയായി അത് മാറി. ‘തുർക്ക്മെനിസ്താൻ’ എന്നുള്ള പേര് പിന്നെ എന്റെ നിഘണ്ടുവിൽ പോലുമില്ല!”
എന്നാൽ ഇത്തരം ദുരനുഭവങ്ങൾക്കൊപ്പം തന്നെ മനോഹരമായ യാത്രാ ഓർമ്മകളും അനൂപ് മേനോൻ പങ്കുവെക്കുന്നുണ്ട്.
കസാക്കിസ്താനിലെ അൽമാട്ടി (Almaty) പോലെയുള്ള സ്ഥലങ്ങൾ വളരെ മനോഹരമാണെന്നും, മഞ്ഞുമരങ്ങളുടെ ഇടയിലുള്ള ‘ഡാച്ചാസ്’ (Dachas) എന്ന് പറയുന്ന തടികൊണ്ടുണ്ടാക്കിയ വീടുകളിൽ താൻ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോൾ തന്നെ ഗ്രിൽ ചെയ്ത് തരുന്ന ഷാഷ്ലിക്സും (Shashliks) അവിടത്തെ പ്രത്യേക തരം ബ്രെഡുകളും തന്റെ ജീവിതത്തിലെ മികച്ച അനുഭവങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


