വാഷിംഗ്ടൺ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ ഭീകരതയും സാധാരണക്കാർ നേരിടുന്ന കടുത്ത മാനുഷിക പ്രതിസന്ധിയും ലോകത്തെ ഓർമിപ്പിച്ച് അമേരിക്കൻ നടിയും ജീവകാരുണ്യ പ്രവർത്തകയുമായ ആഞ്ജലീന ജോളി. ഗസ്സയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു നാട് മുഴുവൻ അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുകയാണെന്ന് അവർ വ്യക്തമാക്കി.

“ഗൂഗിൾ എർത്ത് തുറന്നുനോക്കൂ. ഗസ്സയോട് ചെയ്തത് എന്താണെന്ന് അത് നിങ്ങൾക്ക് കാണിച്ചുതരും. ഒരു നാട് മുഴുവൻ ഇന്ന് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുന്നു,” ആഞ്ജലീന ജോളി കുറിച്ചു.

വീടുകൾ, സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, റോഡുകൾ, കുടിവെള്ള-ശുചീകരണ സംവിധാനങ്ങൾ തുടങ്ങി സാധാരണക്കാർ ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും പൂർണ്ണമായോ ഭാഗികമായോ തകർന്നതായി ജോളി ചൂണ്ടിക്കാട്ടി. യു.എൻ സാറ്റലൈറ്റ് സെന്ററിന്റെ കണക്കുകൾ പ്രകാരം ഗസ്സയിലെ കെട്ടിടങ്ങളിൽ 82 ശതമാനവും ഇതിനോടകം തകർക്കപ്പെട്ടിട്ടുണ്ട്. ഇതിൽ മൂന്നിൽ രണ്ട് ഭാഗത്തോളം കെട്ടിടങ്ങൾ പൂർണ്ണമായും നിലംപതിച്ചതായും അവർ വ്യക്തമാക്കി.

എന്നാൽ, ഉപഗ്രഹചിത്രങ്ങൾക്ക് ഗസ്സയിലെ മനുഷ്യരുടെ യഥാർത്ഥ ദുരിതം പൂർണ്ണമായി കാണിച്ചുതരാനാകില്ലെന്ന് ജോളി ഓർമിപ്പിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ജീവിക്കേണ്ടിവരുന്നവരുടെ അവസ്ഥയും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയും, അതിജീവനത്തിനായി ദിവസങ്ങളോളം പൊരുതുന്നവരുടെ യാഥാർത്ഥ്യവും ചിത്രങ്ങളിൽ കാണാനാകില്ലെന്ന് അവർ പറഞ്ഞു.
ശൈത്യകാലം അടുക്കുന്ന സാഹചര്യത്തിൽ ഗസ്സയിലെ ജനങ്ങളുടെ ദുരിതം കൂടുതൽ രൂക്ഷമാകുകയാണ്. ജനസംഖ്യയുടെ 94 ശതമാനത്തോളം വരുന്ന ഏകദേശം 19.8 ലക്ഷം ആളുകൾ നിലവിൽ മതിയായ പാര്പ്പിടമോ അവശ്യസാധനങ്ങളോ ഇല്ലാതെയാണ് കഴിയുന്നത്.
ശൈത്യകാലത്തിന് മുമ്പ് സുരക്ഷിതമായ പാർപ്പിടങ്ങൾ ഉറപ്പാക്കണമെന്നും, ആവശ്യമായ ദുരിതാശ്വാസ സാമഗ്രികളും മാനുഷിക സഹായങ്ങളും തടസ്സമില്ലാതെ ഗസ്സയിലെത്തിക്കണമെന്നും ജോളി ആവശ്യപ്പെട്ടു.
തകർന്ന ആശുപത്രികളിൽ അടിയന്തരമായി മരുന്നും വൈദ്യസഹായവും എത്തിക്കണമെന്നും, സാധാരണക്കാർക്ക് വീടുകളും സ്കൂളുകളും സുരക്ഷിതമായി പുനർനിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നും അവർ ഓർമിപ്പിച്ചു. ഗസ്സയിലെ നാശനഷ്ടങ്ങൾ ലോകത്തിന് മുന്നിൽ വ്യക്തമായിക്കഴിഞ്ഞെന്നും, ഈ ആവശ്യങ്ങൾ സമയബന്ധിതമായി നിറവേറ്റപ്പെടുമോ എന്നതാണ് ഇനി പ്രധാന ചോദ്യമെന്നും ജോളി തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.


