കൊച്ചി: മരണഭയത്തെക്കുറിച്ചും മരണവീടുകളിലെ ആളുകളുടെ കാപട്യങ്ങളെക്കുറിച്ചും തുറന്നെഴുതി പ്രമുഖ നടൻ സിദ്ധിഖ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
അടുത്തിടെ സുഹൃത്തിന്റെ മരണവീട്ടിൽ താൻ നേരിട്ട അനുഭവങ്ങളും, അവിടെയെത്തിയവരുടെ സംസാരരീതിയുമെല്ലാം ചൂണ്ടിക്കാണിച്ചാണ് താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്.
‘മരണഭയം’ എന്ന തലക്കെട്ടോടെയാണ് സിദ്ധിഖ് കുറിപ്പ് ആരംഭിക്കുന്നത്. മരണവീടുകളിലേക്ക് ആളുകൾ ഓടിയെത്തുന്നത് നഷ്ടത്തിന്റെ ദുഃഖം കൊണ്ട് മാത്രമല്ലെന്നും, മറിച്ച് “മരിച്ചത് താനല്ലല്ലോ” എന്ന ചെറിയൊരു ആശ്വാസത്തോടെ കൂടിയാണെന്നും അദ്ദേഹം തുറന്നെഴുതുന്നു.
കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ:
“മരണ വീട്ടിലേക്ക് നമ്മൾ ഓടിയെത്തുന്നത്, നഷ്ടപ്പെട്ട ബന്ധുവിനെയോ സുഹൃത്തിനെയോ ഓർത്തുള്ള ദുഃഖത്തോടെ മാത്രമല്ല, മറിച്ച്, മരിച്ചത് താൻ അല്ലല്ലോ എന്ന, ചെറിയ ഒരു ആശ്വാസത്തോടും കൂടിയാണ്.
ഓരോരുത്തരും ഈ ലോകത്തോട് യാത്ര പറഞ്ഞു പോകുമ്പോഴും, നമ്മൾ ഇവിടെ തന്നെ ഉണ്ടല്ലോ എന്ന സന്തോഷം അനുഭവിക്കുന്നുണ്ട് നമ്മളിൽ പലരും,” സിദ്ധിഖ് കുറിച്ചു.
എന്നാൽ ഇതിനേക്കാളേറെ തന്നെ ഞെട്ടിക്കുന്നത് മരണവീടുകളിൽ വെച്ച് ആളുകൾ നടത്തുന്ന കുറ്റപ്പെടുത്തലുകളാണെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം തനിക്ക് സുപരിചിതനായ ഒരു സുഹൃത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് ചെന്നപ്പോൾ അവിടെ പ്രഗത്ഭരായ പലരും സംസാരിക്കുന്നത് കേട്ട് താൻ ഞെട്ടിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി.
സുഹൃത്തിന്റെ മരണകാരണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതശൈലിയെക്കുറിച്ചും പരദൂഷണം പറയുന്ന രീതിയിലുള്ള സംഭാഷണങ്ങൾ ചൂണ്ടിക്കാണിച്ചാണ് താരം ഇക്കാര്യം പറഞ്ഞത്.
“ഇതെല്ലാം കേൾക്കാൻ വയ്യാതെ ഞാൻ മറ്റൊരിടത്തേക്ക് മാറി നിൽക്കാൻ തുടങ്ങിയപ്പോൾ എന്നോടും ഇതുപോലെ ചോദിച്ചു. ചോദിച്ച ആൾക്ക് സന്തോഷമായിക്കോട്ടെ എന്ന് കരുതി ഞാൻ ചെക്കപ്പ് ചെയ്യാറില്ലെന്ന് മറുപടി നൽകി.
ഇതുപോലെ ഞാൻ മരിക്കുമ്പോഴും വരാൻ സമയമുണ്ടാകുമോ, ഫ്രീ ആയിരിക്കുമോയെന്ന് ചോദിച്ചപ്പോൾ ആ ചോദ്യം ഇഷ്ടപ്പെടാതെ ആ വ്യക്തി തിരിച്ചുപോയി,” സിദ്ധിഖ് ഓർമ്മിക്കുന്നു.
ജീവിച്ചിരിക്കുമ്പോൾ ഒരാളെക്കുറിച്ച് നല്ല വാക്ക് പറയാത്തവർ മരിച്ചതിനുശേഷം പുകഴ്ത്തുന്നത് മറ്റുള്ളവർക്ക് കേൾക്കാനാണെന്നും, താനും മരിച്ചുകിടക്കുമ്പോൾ ആളുകൾ ഇതുപോലെ കുറ്റപ്പെടുത്തുമല്ലോ എന്നോർത്ത് തനിക്ക് ഇപ്പോൾ മരിക്കാൻ ഭയം തോന്നുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മരണം ആരുടെയും കുറ്റമല്ലെന്നും അതാരും അറിഞ്ഞുകൊണ്ട് വിളിച്ചുവരുത്തുന്നതല്ലെന്നും ഓർമ്മിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.
“ജീവിക്കാൻ ധൈര്യമില്ലാത്തവരാണ് ആത്മഹത്യ ചെയ്യുന്നതെന്നും, അതിനും ധൈര്യമില്ലാത്തവരാണ് ഇപ്പോഴും ഇവിടെ ജീവിക്കുന്നതെന്നുമാണ്” ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ചിന്തകളോടെ നടൻ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.


