ഇൻഡോർ: വെടിക്കെട്ട് തുടർന്ന് അഭിഷേക് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ വെറും 18 പന്തിൽ അർധസെഞ്ച്വറി നേടിയ ഇടംകൈയ്യൻ ഓപ്പണർ, ഏറ്റവും വേഗത്തിൽ 2000 ടി20 റൺസ് എന്ന ലോക റെക്കോർഡും സ്വന്തം പേരിലാക്കി.
ഞായറാഴ്ച ഹോൾക്കർ സ്റ്റേഡിയത്തിൽ സൂര്യകുമാർ യാദവിന്റെ റെക്കോർഡാണ് 26-കാരൻ തകർത്തത്. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ 1164 പന്തിൽ 2000 റൺസ് തികച്ച സൂര്യയുടെ നേട്ടം അഭിഷേക് വെറും 1024 പന്തിൽ മറികടന്നു.
ഏറ്റവും വേഗത്തിൽ 2000 ടി20ഐ റൺസ് – നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ
അഭിഷേക് ശർമ്മ – ഇന്ത്യ – 1,024 പന്ത്
സൂര്യകുമാർ യാദവ് – ഇന്ത്യ – 1,164 പന്ത്
ആരോൺ ഫിഞ്ച് – ഓസ്ട്രേലിയ – 1,283 പന്ത്
ഗ്ലെൻ മാക്സ്വെൽ – ഓസ്ട്രേലിയ – 1,304 പന്ത്
നേരത്തെ 1000 റൺസ് മാർക്ക് പിന്നിട്ടപ്പോഴും ഇതേ നേട്ടം അഭിഷേക് സ്വന്തമാക്കിയിരുന്നു. 528 പന്തിൽ നിന്ന് ആയിരം റൺസ് പൂർത്തിയാക്കിയതാണ് വേഗതയേറിയ 1000 റൺസിന്റെ ലോക റെക്കോർഡ്.
കളത്തിലിറങ്ങിയ 64-ാം ഇന്നിംഗ്സിലാണ് അഭിഷേക് 2000 റൺസ് പൂർത്തിയാക്കിയത്. നിലവിൽ 195.95 സ്ട്രൈക്ക് റേറ്റിലും 32.83 ശരാശരിയിലും 2,036 റൺസാണ് താരത്തിന്റെ പേരിലുള്ളത്.
പകരംവീട്ടി അഭിഷേക്
ആദ്യ ടി20യിൽ 21 റൺസിന് പുറത്തായതിന് പകരംവീട്ടുന്ന പ്രകടനമായിരുന്നു ഇൻഡോറിൽ. തുടക്കം മുതൽ വെസ്റ്റ് ഇൻഡീസ് ബൗളർമാരെ തകർത്തെറിഞ്ഞു.
രണ്ടാം ഓവറിൽ റോസ്റ്റൺ ചേസിനെതിരെ രണ്ട് കൂറ്റൻ സിക്സറും ഒരു ഇൻസൈഡ് ഔട്ട് ഫോറും അടിച്ച് തുടങ്ങി. നാലാം ഓവറിൽ ഷമർ സ്പ്രിംഗറിനെതിരെ രണ്ട് ഫോറും ഒരു സിക്സറും. ഷമർ ജോസഫിനെതിരെ കവറിൽ സിക്സും മിഡ് വിക്കറ്റിൽ ബൗണ്ടറിയും.
ജോസഫിന്റെ ഷോർട്ട് ബോള്‍ ഡീപ് മിഡ് വിക്കറ്റിലേക്ക് പുള്‍ ചെയ്ത് അഭിഷേക് അർധസെഞ്ച്വറി തികച്ചു. വെറും 18 പന്തിൽ. പരമ്പരയിലെ ആദ്യ അർധസെഞ്ച്വറിയും കരിയറിലെ 14-ാമത്തെ ഫിഫ്റ്റിയുമാണിത്.
സഞ്ജു സാംസൺ നേരത്തെ പുറത്തായെങ്കിലും ഇഷാൻ കിഷനുമായി ചേർന്ന് 20 പന്തിൽ 50 റൺസ് കൂട്ടുകെട്ട് തീർത്ത് ഇന്ത്യയുടെ സ്കോർ കുതിപ്പിച്ചു. 37 റൺസെടുത്ത കിഷനെ ചേസ് പുറത്താക്കിയാണ് 108 റൺസ് കൂട്ടുകെട്ട് പൊളിച്ചത്.
ഒടുവിൽ 10-ാം ഓവറിൽ സ്പ്രിംഗറിന്റെ ക്യാച്ച് ആൻഡ് ബൗൾഡിൽ പുറത്താകുമ്പോൾ 30 പന്തിൽ 6 ഫോറും 5 സിക്സും സഹിതം 69 റൺസ് അഭിഷേകിന്റെ പേരിലുണ്ടായിരുന്നു. ഷോർട്ട് ബോൾ പുള്‍ ചെയ്യാൻ ശ്രമിച്ചപ്പോൾ ടൈമിംഗ് തെറ്റി ഉയർന്ന ക്യാച്ച് ആവുകയായിരുന്നു.
ഈ ഇന്നിംഗ്സോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനായി അഭിഷേക് ചരിത്രത്തിൽ ഇടംപിടിച്ചു.


