ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം ജയം. എഫ്.സി ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
ഗോവയുടെ ഹോം ഗ്രൗണ്ടായ ഫട്ടോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സാണ് ആദ്യ ഗോൾ നേടിയത്. 37ാം മിനിറ്റിൽ ഫ്രെഡി ലല്ലാവ്മയാണ് ഗോൾ സ്കോറർ. 46ാം മിനിറ്റിൽ നെബോജ്സ കൊസോവിച്ച് കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
എന്നാൽ മുഹമ്മദ് നെമിലിലൂടെ 67ാം മിനിറ്റിൽ ഗോവ ഒരു ഗോൾ തിരിച്ചടിച്ചു എന്നാൽ 80ാം മിനിറ്റിൽ അമേയ് റണാവാഡെയിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും സ്വന്തമാക്കി. ഇഞ്ചുറി ടൈമിൽ ചിക്കിയിലൂടെ ഗോവ രണ്ടാം ഗോൾ നേടിയെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുത്തു.
പോയിന്റ് പട്ടികയിൽ നിലവിൽ എട്ടാം സ്ഥാനത്താണ് കേരളം. 5 മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ടു വീതം ജയവും സമനിലയും ഒരു തോൽവിയുമായി എട്ടു പോയിന്റാണ് കേരളത്തിന്റെ കൈവശമുള്ളത്.
ഡിസംബർ ആറിന് ചർച്ചിൽ ബ്രദേഴ്സിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
മറുഭാഗത്ത് ഗോവ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 6 മത്സരങ്ങളിൽ നിന്നും രണ്ടു വീതം ജയവും തോൽവിയും സമനിലയുമായി എട്ടു പോയിന്റാണ് ഗോവയ്ക്കുള്ളത്. ഡിസംബർ 5ന് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയാണ് ഗോവയുടെ എതിരാളികൾ.


