കൊച്ചി: ഒരു വീട്ടിൽ ഏറ്റവും കൂടുതൽ മാലിന്യങ്ങൾ കൂടിയടിയുന്നത് അടുക്കളയിലാണ്. എന്നാൽ പഴകിയ ഭക്ഷണത്തേക്കാളും അഴുകിയ മാലിന്യങ്ങളേക്കാളും വലിയൊരു കൊലയാളി നമ്മുടെ അടുക്കളയിൽ തന്നെയുണ്ടെന്ന വസ്തുത പലരും തിരിച്ചറിയാറില്ല — പാത്രം കഴുകാൻ ദിവസവും ഉപയോഗിക്കുന്ന സ്പോഞ്ച്!
അടുക്കളയിലെ ഏറ്റവും അഴുക്ക് പിടിച്ചതും അപകടകരവുമായ വസ്തു സിങ്കിനരികിലെ ഈ സ്പോഞ്ചാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് സ്പോഞ്ചുകൾ ഇത്രയധികം അപകടകാരിയാകുന്നു?
പാത്രം കഴുകുന്ന സ്പോഞ്ചുകൾ എപ്പോഴും നനവുള്ളതും ഭക്ഷണാവശിഷ്ടങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നതുമാണ്. ഈർപ്പവും ചൂടുമുള്ള അന്തരീക്ഷം ബാക്ടീരിയകൾക്ക് അതിവേഗം പെരുകാൻ അനുയോജ്യമായ ഇടമൊരുക്കുന്നു.
“ഒരു പഴയ സ്പോഞ്ചിൽ ദശലക്ഷക്കണക്കിന് ദോഷകരമായ അണുക്കൾ ഒളിച്ചിരിപ്പുണ്ടാകാം. ഇത് നിശബ്ദ കൊലയാളിയെപ്പോലെ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.” ഡോ. വിനീത സിംഗ് ടണ്ടൻ (സീനിയർ കൺസൾട്ടന്റ്, ഐഎസ്ഐസി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ) പറയുന്നു.
‘ക്രോസ്-കണ്ടാമിനേഷൻ’ എന്ന വലിയ ഭീഷണി
പച്ച ഇറച്ചി, മത്സ്യം, പച്ചക്കറികൾ എന്നിവ പാകം ചെയ്ത പാത്രങ്ങൾ കഴുകുമ്പോൾ സാൽമൊണല്ല, ഇ. കോളി തുടങ്ങിയ ബാക്ടീരിയകൾ സ്പോഞ്ചിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.
ഈ സ്പോഞ്ച് ഉപയോഗിച്ച് മറ്റു പാത്രങ്ങളോ ടേബിളോ കഴുകുമ്പോൾ, അതിലെ അണുക്കൾ മറ്റു പാത്രങ്ങളിലേക്കും കൈകളിലേക്കും പടരുന്നു. ഇതിനെയാണ് വിരലുകളിലൂടെയും ഉപകരണങ്ങളിലൂടെയും അണുക്കൾ പടരുന്ന ക്രോസ്-കണ്ടാമിനേഷൻ (Cross-Contamination) എന്ന് വിളിക്കുന്നത്.
പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാം?
സ്ഥിരമായി മാറ്റുക: ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ രണ്ടു ആഴ്ചയിലൊരിക്കലോ അടുക്കളയിലെ സ്പോഞ്ച് പുതിയത് മാറ്റുക.
ഉണക്കി സൂക്ഷിക്കുക: ഉപയോഗിച്ച ശേഷം സ്പോഞ്ച് നന്നായി പിഴിഞ്ഞ് ഈർപ്പമില്ലാതെ സൂക്ഷിക്കുക.
ചൂടുവെള്ളത്തിൽ കഴുകുക: തിളച്ച വെള്ളത്തിലോ അണുനാശിനിയിലോ മുക്കിവെച്ച് ദിവസവും വൃത്തിയാക്കുക.


