മുംബൈ: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ റെക്കോർഡ് ഇരട്ടസെഞ്ച്വറി നേടിയ യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
വെറും 53 പന്തിൽ 204 റൺസ് അടിച്ചുകൂട്ടി ഇന്ത്യ എ ടീമിന് അനായാസ വിജയം സമ്മാനിച്ച വൈഭവ്, ഭാവിയിലെ ഐപിഎൽ ലേലത്തിലോ റീട്ടെൻഷനിലോ 40 കോടി രൂപ വരെ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്ന് ചോപ്ര പ്രവചിച്ചു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി വൈഭവ് മാറിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കളി മാറ്റിമറിക്കാൻ കെൽപ്പുള്ളവൻ’
വൈഭവ് എന്നെങ്കിലും ഐപിഎൽ ലേല ടേബിളിലെത്തുകയോ റീട്ടെൻഷൻ ചർച്ചകളിൽ വരികയോ ചെയ്താൽ, ലീഗിലെ ഏറ്റവും വിലയേറിയ താരമായി അവൻ മാറും. ജസ്പ്രീത് ബുംറ, വിരാട് കോലി, രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ വമ്പൻ താരങ്ങൾ കളിക്കുന്ന ഒരു ലീഗിനെക്കുറിച്ചാണ് താൻ സംസാരിക്കുന്നത്.
സ്വന്തം ദിനത്തിൽ മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റിമറിക്കാൻ വൈഭവിന് സാധിക്കുമെന്നും അത്രയധികം പ്രഹരശേഷി മറ്റാർക്കുമില്ലെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
മറ്റു താരങ്ങൾ ടീമിനെ വിജയത്തിലേക്ക് നയിക്കുമ്പോൾ, മത്സരത്തെ ഒറ്റയ്ക്ക് ഏകപക്ഷീയമാക്കാൻ വൈഭവിന് കഴിയും. താരം അത്രയും തുക ആവശ്യപ്പെടുമെന്നല്ല, മറിച്ച് അവന്റെ പ്രതിഭയ്ക്ക് ലഭിക്കാവുന്ന മൂല്യമാണത്.
ചരിത്രം തിരുത്തുക, പുതിയ ചരിത്രം സൃഷ്ടിക്കുക എന്നീ വിശേഷണങ്ങൾ വൈഭവിന്റെ കരിയറിലുടനീളം ഒപ്പമുണ്ടാകുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.
‘വീഡിയോ ഗെയിം പോലൊരു ഇന്നിംഗ്സ്’
യുഎഇക്കെതിരായ വൈഭവിന്റെ പ്രകടനത്തെ ‘വീഡിയോ ഗെയിമിനോടാണ്’ ആകാശ് ചോപ്ര ഉപമിച്ചത്. പാകിസ്ഥാനെതിരായ മത്സരത്തിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും റൺസ് കണ്ടെത്താൻ വൈഭവിന് സാധിച്ചിരുന്നില്ല.
എന്നാൽ യുഎഇക്കെതിരെ 250 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒരാൾ ഒറ്റയ്ക്ക് 200 റൺസ് നേടുകയെന്നത് അവിശ്വസനീയമായ കാര്യമാണെന്ന് ചോപ്ര പറഞ്ഞു.
28 പന്തിൽ സെഞ്ച്വറി തികച്ച താരം, പിന്നാലെ 52 പന്തിൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇരട്ടസെഞ്ച്വറിയും കുറിച്ചു. റെക്കോർഡുകൾ തകർക്കുമ്പോൾ വലിയ വ്യത്യാസത്തിലാണ് അവൻ അതെല്ലാം ചെയ്യുന്നത്. \
52 പന്തിൽ 200 റൺസ് നേടുക എന്നത് വീഡിയോ ഗെയിമിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്, എന്നാൽ വൈഭവ് അത് യാഥാർത്ഥ്യമാക്കി മാറ്റിയെന്നും ആകാശ് ചോപ്ര പറഞ്ഞു.


