മാഡ്രിഡ്: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അർഹിക്കുന്ന, മാന്യമായ വിടവാങ്ങൽ നൽകണമെന്ന് പോർച്ചുഗലിനോട് ആവശ്യപ്പെട്ട് പ്രമുഖ ഫുട്ബോൾ പരിശീലകൻ പെപ് ഗാർഡിയോള. ടീമുമായുള്ള അവസാന നാളുകളിലെ അഭിപ്രായവ്യത്യാസങ്ങൾ മറന്ന്, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അസാധാരണമായ കരിയർ ആഘോഷിക്കാൻ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ തയ്യാറാകണമെന്ന് ഗാർഡിയോള ആവശ്യപ്പെട്ടു. ഇതിഹാസ താരങ്ങൾ ‘മുൻവാതിലിലൂടെ’ തന്നെ പടിയിറങ്ങാൻ അർഹരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
23 വർഷം നീണ്ട ഐതിഹാസിക അന്താരാഷ്ട്ര കരിയറിനാണ് റൊണാൾഡോ അടുത്തിടെ വിരാമമിട്ടത്. എന്നാൽ പരിശീലകൻ ജോർജ് ജീസസുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ദേശീയ ടീം ക്യാമ്പ് വിട്ടുപോയതും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ബ്രസീലിയൻ ഇതിഹാസം റൊമാരിയോയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഗാർഡിയോള.
“അവനെ അങ്ങനെ വിടാൻ കഴിയില്ല”
“ക്രിസ്റ്റ്യാനോയ്ക്ക് അത്തരമൊരു രീതിയിൽ പടിയിറങ്ങാൻ കഴിയില്ല, പോർച്ചുഗീസ് ദേശീയ ടീമിന് അവനെ അങ്ങനെ വിടാനും കഴിയില്ല,” ഗാർഡിയോള വ്യക്തമാക്കി.
റൊണാൾഡോ നേടിയ ഗോളുകളിലും ട്രോഫികളിലും മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സ്വാധീനം. അദ്ദേഹത്തെ കണ്ടുവളർന്ന പുതുതലമുറയിലെ പോർച്ചുഗീസ് താരങ്ങൾക്ക് കൂടി പ്രചോദനമാകുന്ന രീതിയിലാകണം ആ വിടവാങ്ങലെന്നും ഗാർഡിയോള ചൂണ്ടിക്കാട്ടി.
“പ്രത്യേകതയുള്ള ചില താരങ്ങളുണ്ട്, ക്രിസ്റ്റ്യാനോ അവരിലൊരാളാണ്. ഇരുപക്ഷവും മുൻകൈയെടുത്ത് ഈ പ്രശ്നം പരിഹരിക്കണം. ഫുട്ബോളിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിക്കുമ്പോൾ, ഈ അധ്യായം മറ്റൊരു രീതിയിൽ അവസാനിക്കേണ്ടതുണ്ട്.
ഒന്നോ രണ്ടോ മാസത്തെ പിണക്കങ്ങളോ ഏതാനും വ്യക്തികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളോ വെച്ചല്ല ഒരു താരത്തിന്റെ കരിയർ വിലയിരുത്തേണ്ടത്.
‘സംഭവിച്ചത് മറക്കാം’ എന്ന് പറഞ്ഞ് അവർ മുന്നോട്ട് വരണം, സ്വന്തം ജനതയുടെ സ്നേഹം ഏറ്റുവാങ്ങാൻ കഴിയുന്ന ഒരു ആഘോഷം അവനായി സംഘടിപ്പിക്കണം,” ഗാർഡിയോള പറഞ്ഞു.
മാതൃകയാകേണ്ട വിടവാങ്ങൽ
റൊമാരിയോ, ലയണൽ മെസ്സി, പൗലോ മാൽഡിനി തുടങ്ങിയ ഇതിഹാസങ്ങളെപ്പോലെ, കളി പഠിച്ചുതുടങ്ങുന്ന കുട്ടികൾക്ക് മാതൃകയാക്കാവുന്ന വിധത്തിലാകണം റൊണാൾഡോയുടെയും വിടവാങ്ങലെന്ന് ഗാർഡിയോള അഭിപ്രായപ്പെട്ടു.
ഇതിഹാസ താരങ്ങൾക്ക് ഉചിതമായ യാത്രയയപ്പ് നൽകുന്ന കാര്യത്തിൽ ബാഴ്സലോണയും മാഞ്ചസ്റ്റർ സിറ്റിയും വലിയ മാതൃകകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോർച്ചുഗലിനായി 234 മത്സരങ്ങളിൽ നിന്ന് റെക്കോർഡ് 146 ഗോളുകൾ നേടിയ റൊണാൾഡോ, 2016-ലെ യൂറോ കപ്പും രണ്ട് നേഷൻസ് ലീഗ് കിരീടങ്ങളും രാജ്യത്തിന് സമ്മാനിച്ചിട്ടുണ്ട്.


