ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ നിന്നും പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. സിറാജിന്റെ ഫോമാണ് പ്രധാന പ്രശ്നമെന്ന് പറഞ്ഞ ഗിൽ ഈ തീരുമാനം വിഷമകരമായിരുന്നുവെന്നും ഗിൽ വ്യക്തമാക്കി.
”സിറാജ് എന്റെ അടുത്ത സുഹൃത്താണ്. ദീർഘകാലമായി ഞങ്ങൾ ഒരുമിച്ച് കളിക്കുന്നവരാണ്. അദ്ദേഹത്തെ ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കുകയെന്നത് വിഷമകരമായ തീരുമാനമായിരുന്നു. ഞാൻ സിറാജിനെ വിളിച്ച് സംസാരിച്ചു. അദ്ദേഹം അത് ഏത് വിധം എടുത്തു എന്നറിയില്ല. അദ്ദേഹത്തിൻ്റെ ഫോമാണ് പ്രശ്നം. നിലവിലെ സാഹചര്യത്തിൽ ഫോമിലുള്ള നാല് പേർ എന്ന നിലക്കാണ് ബുംറക്കൊപ്പം കാംപോജ്, ആകാശ് ദീപ്, പ്രസീത് എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്. പിച്ചിൽ പേസ് കുറവായിരുന്നു. അത് കൊണ്ടാണ് പേസർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയാതിരുന്നത്” ഗിൽ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. സമനിലയോടെ പോയിന്റ് പട്ടികയിൽ കുതിക്കാനുള്ള അവസരം നഷ്ടമായത് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത പ്രഹരമായി. രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ ആരംഭിക്കും.


