ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. വിരാട് കോലിയും ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്നപ്പോൾ തന്ത്രപരമായ തെറ്റുകൾ വരുത്തിയിട്ടുണ്ടെന്നും എന്നാൽ കോലി തന്റെ പോരാട്ടവീര്യങ്ങളെ കൊണ്ടാണ് ഇത് മറികടന്നതെന്നും അശ്വിൻ അഭിപ്രായപ്പെട്ടു.
“ശുഭ്മാൻ ഗിൽ ക്യാപ്റ്റൻസിൽ ഇപ്പോഴും പുതിയ ആളാണ്. അതിനാൽ അദ്ദേഹത്തിന് ആരുടെയെങ്കിലും മാർഗനിർദേശം ആവശ്യമാണ്. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. എന്നാൽ ക്യാപ്റ്റൻസിയിൽ ഇനി ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. വിരാട് കോലിയും ക്യാപ്റ്റനായിരുന്നപ്പോൾ തന്ത്രപരമായ തെറ്റുകൾ വരുത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പോരാട്ടവീര്യം ആ കുറവുകളെ മറികടന്നു. വിരസമായ ഒരു സമനില മത്സരത്തിൽ പോലും കളി ആവേശകരമാക്കാൻ അദ്ദേഹം എന്തെങ്കിലും ചെയ്യും” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.
ഈ മത്സരം വിജയിച്ചിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് നീണ്ട 58 വർഷത്തെ കാത്തിരിപ്പ് അവസാനിക്കാമായിരുന്നു. ഇന്ത്യ അവസാനമായി വെല്ലിംഗ്ടണിൽ ഒരു ടെസ്റ്റ് മത്സരം വിജയിച്ചത് 1968ൽ ആയിരുന്നു. രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ ആരംഭിക്കും.


