ഫുട്ബോളിൽ എപ്പോഴും ഉയർന്ന നിലവാരത്തിൽ തുടരുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ഇത്രയും കാലം സ്ഥിരതയോടെ കളിക്കുന്നത് പോലെ തനിക്ക് ബുദ്ധിമുട്ടാണെന്നും വിനീഷ്യസ് വ്യക്തമാക്കി.
”ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ഇത്രയും വർഷങ്ങളായി ഒരേ മികവോടെ കളിക്കുകയും മികച്ച റെക്കോഡുകൾ നിലനിർത്തുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാനും ഒരു മനുഷ്യനാണ് എനിക്കും തെറ്റുകൾ സംഭവിക്കാറുണ്ട്. എന്നാൽ ഫുട്ബോളിനെക്കുറിച്ച് കൂടുതൽ പഠിക്കാനും എന്റെ കളി മെച്ചപ്പെടുത്താനും ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. എനിക്കിപ്പോൾ 26 വയസാണ്. അതിനാൽ ജീവിതം കുറച്ചൊക്കെ ആസ്വദിക്കാനും ഞാൻ ആഗ്രഹിക്കുന്നു,’ വിനീഷ്യസ് ജൂനിയർ പറഞ്ഞു.
ഈ സീസണിൽ അത്ര മികച്ച തുടക്കമായിരുന്നില്ല വിനിഷ്യസിന് ലഭിച്ചിരുന്നത്. റയൽ മാഡ്രിഡിന് വേണ്ടി ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്നും ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ എതിരാളിയുടെ മുടി പിടിച്ചു വലിച്ചതിന് വിനീഷ്യസ് നാല് മത്സരങ്ങളിൽ സസ്പെൻഷൻ നേരിട്ടിരുന്നു. എന്നാൽ വിലക്ക് മാറി താരം വീണ്ടും റയലിനായി കളിയ്ക്കാൻ ഒരുങ്ങുകയാണ്.


