മുംബൈ: ഐപിഎൽ കളിജീവിതത്തോട് വിടപറഞ്ഞ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് ഹൃദയസ്പർശിയായ ആദരവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.
ധോണിയുടെ കരിയറിന്റെ തുടക്കകാലത്ത് തന്നെ അദ്ദേഹത്തിലെ അസാധാരണ പവർ-ഹിറ്റിംഗ് മികവ് താൻ തിരിച്ചറിഞ്ഞിരുന്നതായി സച്ചിൻ ഓർമ്മിച്ചു.
18 സീസണുകൾ നീണ്ട ഐതിഹാസികമായ ഐപിഎൽ കരിയറിന് വിരാമമിട്ട് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്കെ) മെന്റർ സ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് സച്ചിന്റെ വൈകാരിക കുറിപ്പ്.
സൗരവ് ഗാംഗുലിയോട് പറഞ്ഞ ആ ആദ്യ നിരീക്ഷണം
2004-ൽ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് യുവതാരമായിരുന്ന ധോണിയുടെ ബാറ്റിംഗ് സച്ചിന്റെ ശ്രദ്ധയിൽപ്പെടുന്നത്.പന്ത് അതിർത്തി കടത്താനുള്ള ധോണിയുടെ അസാമാന്യ കരുത്ത് കണ്ട് താൻ അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി സച്ചിൻ എക്സിൽ (X) കുറിച്ചു.
“ബംഗ്ലാദേശിൽ എം.എസ്. ബാറ്റ് ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ പവർ-ഹിറ്റിംഗിൽ എന്തോ പ്രത്യേകതയുണ്ടെന്ന് ഞാൻ സൗരവിനോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
അദ്ദേഹത്തിന് ഒരു അപൂർവ കഴിവ് ലഭിച്ചിട്ടുണ്ടായിരുന്നു. എന്തൊരു മനോഹരമായ യാത്രയായിരുന്നു അത്,” സച്ചിൻ കുറിച്ചു.
ധോണിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാനും ഇന്ത്യൻ ക്രിക്കറ്റിലെ അവിസ്മരണീയ നിമിഷങ്ങളുടെ ഭാഗമാകാനും കഴിഞ്ഞത് വലിയ സന്തോഷമാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
ധോണി എന്തെങ്കിലും പ്രത്യേക നേട്ടം കൈവരിക്കുമെന്ന് താൻ എപ്പോഴും വിശ്വസിച്ചിരുന്നുവെന്നും അതിലേറെ അദ്ദേഹം നേടിയെടുത്തുവെന്നും സച്ചിൻ പ്രശംസിച്ചു.
2011 ലോകകപ്പും ഐപിഎൽ ഇതിഹാസവും
സച്ചിനും ധോണിയും ഒരുമിച്ച് ആഘോഷിച്ച നിമിഷങ്ങളിൽ 2011-ലെ ഏകദിന ലോകകപ്പ് വിജയമാണ് ഏറ്റവും തിളങ്ങിനിൽക്കുന്നത്.
ധോണിയുടെ നായകത്വത്തിൽ ഇന്ത്യ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടപ്പോൾ, തന്റെ ആറാമത്തെയും അവസാനത്തെയും ലോകകപ്പിൽ സച്ചിൻ കിരീടം ഉയർത്തി.
2013-ൽ സച്ചിൻ മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ കിരീടം നേടിയപ്പോൾ, ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ചാണ് ധോണി തന്റെ ഐപിഎൽ പാരമ്പര്യം കെട്ടിപ്പടുത്തത്.
ഐപിഎല്ലിൽ 278 മത്സരങ്ങളിൽ നിന്ന് 5,439 റൺസ് നേടിയ ശേഷമാണ് ധോണി പാഡഴിക്കുന്നത്. കളിക്കാരനെന്ന നിലയിൽ വിരമിച്ചെങ്കിലും 2027 സീസൺ മുതൽ സിഎസ്കെയുടെ ടീം മെന്ററായി പുതിയ റോളിൽ ധോണി മഞ്ഞപ്പടയ്ക്കൊപ്പം തുടരും.
“ഇന്ത്യൻ ക്രിക്കറ്റിന് നിങ്ങൾ ഏറ്റവും മികച്ചത് നൽകി. ഈ യാത്ര നിങ്ങളോടൊപ്പം പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷം. വെൽ പ്ലെയ്ഡ് എം.എസ്!” എന്ന വാക്കുകളോടെയാണ് സച്ചിൻ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.


