മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒരുമിച്ച് വെള്ളത്തിരയിലെത്തുന്ന ഒരു ചിത്രത്തിന് വേണ്ടിയാണ് മലയാളി സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ദുൽഖർ.
മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാൻ താൻ എപ്പോഴും തയ്യാറാണെന്നും എന്നാൽ സമ്മതം പറയേണ്ടത് മമ്മൂട്ടി ആണെന്നുമായിരുന്നു ദുൽഖറിന്റെ പ്രതികരണം. തെലുങ്ക് ചിത്രം ആകാശംലോ ഒക്ക താരയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ദുൽഖർ ഇക്കാര്യം തുറന്നു പറഞ്ഞത്.

മമ്മൂട്ടിയെയും ദുൽഖറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് നിർമ്മാതാവായ അല്ലു അരവിന്ദ് പറഞ്ഞപ്പോൾ ആയിരുന്നു ദുൽഖർ രസകരമായ രീതിയിൽ മനസ്സ് തുറന്നത്. മമ്മൂട്ടി സമ്മതം പറഞ്ഞാൽ ഇപ്പോൾ തന്നെ അഭിനയിക്കാൻ താൻ തയ്യാറാണെന്നും ദുൽഖർ പറഞ്ഞു.
കാന്ത, ഐ ആം ഗെയിം എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖറിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആകാശംലോ ഒക്ക താര. നവംബർ 20നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിൽ എത്തുന്ന ഓം എന്ന ചിത്രവും റിലീസ് ചെയ്യുന്നതിനാൽ ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസിൽ അച്ഛനും മകനും തമ്മിലുള്ള ക്ലാഷ് കൂടിയാണ് ഒരുങ്ങുകയാണ്.


