ചെന്നൈ: തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി പൊതുവേദികളിലും വിമാനത്താവളങ്ങളിലും ചെരുപ്പ് ധരിക്കാതെ നഗ്നപാദനായി എത്തുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
കൊച്ചി വിമാനത്താവളത്തിൽ താരം ചെരുപ്പില്ലാതെ എത്തിയ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, തന്റെ ഭർത്താവിന്റെ ഈ തീരുമാനത്തിന് പിന്നിലെ ഹൃദയസ്പർശിയായ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയും നിർമ്മാതാവുമായ ഫാത്തിമ വിജയ് ആന്റണി.
എം. മാരൻ സംവിധാനം ചെയ്യുന്ന വിജയ് ആന്റണിയുടെ പുതിയ ചിത്രം ‘അപ്പക്കുട്ടി’യുടെ പ്രീ-റിലീസ് ചടങ്ങിലാണ് ഫാത്തിമ ഈ വൈകാരികമായ വെളിപ്പെടുത്തൽ നടത്തിയത്.
2023-ൽ അന്തരിച്ച മൂത്ത മകൾ മീരയുടെ വിയോഗത്തിന് ശേഷം ആദ്യമായാണ് ഫാത്തിമ ഒരു സിനിമാ വേദിയിൽ എത്തുന്നത്.
മകളുടെ ഓർമ്മകൾ; ചെരുപ്പും വിലകൂടിയ വാച്ചുകളും ഉപേക്ഷിച്ച താരം
കോളേജ് പഠനത്തിനായി തയ്യാറെടുത്തിരുന്ന മകൾ മീരയ്ക്കായി അമേരിക്ക, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി ജോഡി ചെരുപ്പുകളും ഷൂസുകളും ദമ്പതികൾ വാങ്ങിയിരുന്നു.
എന്നാൽ അവയൊന്നും ഉപയോഗിക്കാൻ കഴിയാതെ മീര വിടപറഞ്ഞതോടെ, വീട്ടിലെ ഒരു മുറിയിൽ നിറഞ്ഞിരിക്കുന്ന ആ പാദരക്ഷകൾ കണ്ട വിജയ് ആന്റണി ഇനി ജീവിതത്തിൽ ഒരിക്കലും ചെരുപ്പ് ധരിക്കില്ലെന്ന് ശപഥമെടുക്കുകയായിരുന്നു.
“വിജയ് ആന്റണി എന്തുകൊണ്ടാണ് ചെരുപ്പ് ധരിക്കാത്തതെന്ന് പലർക്കും അറിയില്ല. ഇന്ന് ആ സത്യം ഞാൻ തുറന്നുപറയുകയാണ്. മീരയ്ക്ക് കോളേജിൽ പോകാനായി ഞങ്ങൾ വാങ്ങിവെച്ച നിരവധി ചെരുപ്പുകൾ ഇപ്പോഴും വീട്ടിലുണ്ട്.
അവ കണ്ടതിനുശേഷമാണ് ഇനി ചെരുപ്പ് ധരിക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചത്,” ഫാത്തിമ വേദിയിൽ വികാരാധീനയായി പറഞ്ഞു.
ലണ്ടൻ, പാരീസ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ സംഗീത കച്ചേരികൾക്ക് (Concerts) പോകുമ്പോൾ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമാണ് അദ്ദേഹം ഷൂസ് ധരിക്കുന്നത്. എന്നാൽ പരിപാടി കഴിഞ്ഞാലുടൻ അദ്ദേഹം അത് അഴിച്ചുമാറ്റുമെന്നും ഫാത്തിമ വ്യക്തമാക്കി.
ചെരുപ്പുകൾക്ക് പുറമെ റാഡോ (Rado), റോളക്സ് (Rolex) തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ വിലകൂടിയ വാച്ചുകളുടെ ശേഖരവും വിജയ് ആന്റണി ഉപേക്ഷിച്ചു.
മീര മരിക്കുമ്പോൾ അവളുടെ കൈയിലുണ്ടായിരുന്ന 4,000 രൂപ വിലയുള്ള ഒരു സാധാരണ വാച്ച് മാത്രമാണ് അദ്ദേഹം ഇപ്പോൾ ധരിക്കുന്നത്.
“മീരയുടെ ആഗ്രഹപ്രകാരം ഞാൻ വാങ്ങിക്കൊടുത്ത വാച്ചാണത്. ഒരു സ്മാർട്ട് വാച്ച് ഉപയോഗിക്കാൻ ഞാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറല്ല,” ഫാത്തിമ കൂട്ടിച്ചേർത്തു.
ആദ്യമായി പൊതുവേദിയിൽ സംസാരിച്ച് ഇളയ മകൾ ലാറ
മീരയുടെ മരണശേഷം തകർന്ന ഒരു ഗ്ലാസ് കഷണം പോലെയായിരുന്നു താനെന്നും, വിജയ് ആന്റണിയുടെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണ കൊണ്ടാണ് വീണ്ടും പൊതുവേദിയിലേക്ക് വരാൻ സാധിച്ചതെന്നും ഫാത്തിമ പറഞ്ഞു.
ചടങ്ങിൽ ദമ്പതികളുടെ ഇളയ മകൾ ലാറ ആദ്യമായി പൊതുവേദിയെ അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി. “അച്ഛൻ ഈ സിനിമയ്ക്കായി രാവും പകലും കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഒരു അച്ഛന് മകളോടുള്ള സ്നേഹത്തിന്റെ കഥയാണിത്. എല്ലാ കുട്ടികളും ഈ സിനിമ കാണണം,” ലാറ ഇംഗ്ലീഷിൽ പറഞ്ഞു. അവതാരകരുടെ അഭ്യർത്ഥനപ്രകാരം തമിഴിലും സംസാരിച്ച ലാറ, എല്ലാവരും തിയേറ്ററുകളിൽ പോയി ‘അപ്പക്കുട്ടി’ കാണണമെന്ന് അഭ്യർത്ഥിച്ചു.
വേദിയിൽ ലാറ സംസാരിക്കുന്നത് കണ്ട വിജയ് ആന്റണി വികാരാധീനനായി. ഇതുപോലൊരു വേദിയിൽ മീര സംസാരിക്കുന്നത് കാണാനുള്ള ഭാഗ്യം നഷ്ടമായതിന്റെ വേദനയും, പ്രതിസന്ധി ഘട്ടങ്ങളിൽ പാറപോലെ ഉറച്ചുനിന്ന ഭാര്യ ഫാത്തിമയോടുള്ള നന്ദിയും അദ്ദേഹം പങ്കുവെച്ചു.
വിജയ് ആന്റണി തന്നെ സംഗീതവും എഡിറ്റിംഗും നിർവ്വഹിക്കുന്ന ‘അപ്പക്കുട്ടി’ നവംബർ 20-ന് തിയേറ്ററുകളിലെത്തും.


