ചെർപ്പുളശ്ശേരിക്കാരൻ ഹംസ കൊല്ലത്തിന്റെ ജീവിതകഥയ്ക്ക് പ്രവാസലോകത്തിന്റെ ഹൃദയാദരം
ചെർപ്പുളശ്ശേരി: തൂതപ്പുഴയുടെ പാലത്തിൽ അവസാനിക്കുമായിരുന്ന ഒരു ജീവിതത്തിന് ഉമ്മയുടെ തിരിച്ചുനടത്തം നൽകിയ രണ്ടാം ജന്മം. ആ ജീവിതം പതിറ്റാണ്ടുകൾക്കിപ്പുറം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകമായി പിറവിയെടുത്തപ്പോൾ അതൊരു അസാധാരണ അതിജീവനകഥയായി മാറി.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശിയായ ഹംസ കൊല്ലത്തിന്റെ ആത്മകഥയായ ‘യത്തീങ്കുട്ടി’യാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയമായത്.
വിവാഹം കഴിഞ്ഞ് പതിനൊന്ന് മാസങ്ങൾക്കകം ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ജീവിതം ഇരുളടഞ്ഞ മൈമൂന എന്ന യുവതി. പത്തൊൻപതാം വയസ്സിൽ കൈക്കുഞ്ഞുമായി തൂതപ്പുഴ പാലത്തിലേക്ക് ജീവിതം അവസാനിപ്പിക്കാനായി നടന്ന ആ ഉമ്മയുടെ മനസ്സുമാറ്റമാണ് ‘യത്തീങ്കുട്ടി’യുടെ ഹൃദയം.
ആ കൈക്കുഞ്ഞിന്റെ പിന്നീടുള്ള ജീവിതമാണ് പുസ്തകം പറയുന്നത്.
അനാഥാലയത്തിന്റെ അകത്തളങ്ങളിൽ കഴിഞ്ഞ ബാല്യം, ഉമ്മയെ പിരിഞ്ഞ ആദ്യരാത്രിയുടെ വേദന, വിശപ്പിനോടും ദാരിദ്ര്യത്തോടുമുള്ള പോരാട്ടം, കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിലെ വിശപ്പിന്റെ അനുഭവങ്ങൾ, വിദ്യാഭ്യാസത്തിനും ജീവിതവിജയത്തിനുമായുള്ള കഠിനാധ്വാനം എന്നിവ പുസ്തകത്തിൽ ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്നു.
തൂതയുടെയും ചെർപ്പുളശ്ശേരിയുടെയും നാട്ടുവഴികളും വള്ളുവനാടൻ ഭാഷയുടെ തനിമയും പുസ്തകത്തിന് വേറിട്ട സാഹിത്യാനുഭവം സമ്മാനിക്കുന്നു. ഒരു വ്യക്തിയുടെ ആത്മകഥയ്ക്കപ്പുറം, ജീവിതത്തോട് പൊരുതിയ ഒരു വിധവയുടെ നിശ്ശബ്ദ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണിത്.
നവംബർ നാലിന് ഷാർജ എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകരായ എൽവിസ് ചുമ്മാർ, എം.സി.എ. നാസർ എന്നിവർ ചേർന്ന് പുസ്തകപ്രകാശനം നിർവഹിച്ചു.
എസ് ആൻഡ് സെഡ് ഗ്രൂപ്പ് സി.ഇ.ഒ വസീം യൂസുഫ് ഭട്ട്, ഹാബിറ്റാറ്റ് സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സുരേഷ് സുകുമാർ, എഴുത്തുകാരിയും മനഃശാസ്ത്രജ്ഞയുമായ ജയപ്രഭ, റേഡിയോ അവതാരകൻ ആർ.ജെ. മുഹമ്മദ് നിസാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കവയിത്രിയും എഴുത്തുകാരിയുമായ റസീന കെ.പി. പുസ്തകപരിചയം നടത്തി.
ബുക്പ്ലസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഉപശീർഷകം ‘വിധവയുടെ പോരാട്ടവും മകന്റെ അതിജീവനവും’ എന്നാണ്.
ചെർപ്പുളശ്ശേരിയിൽനിന്ന് ജീവിതമാർഗം തേടി പ്രവാസലോകത്തെത്തിയ ഹംസ കൊല്ലത്ത് നിലവിൽ അജ്മാനിലെ എസ് ആൻഡ് സെഡ് ഗ്രൂപ്പ് സ്കൂളുകളുടെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്.
ഒരു ഉമ്മ അന്ന് തോറ്റുപോയിരുന്നെങ്കിൽ ഈ ജീവിതകഥ പിറക്കുമായിരുന്നില്ല. തോൽക്കാൻ തയ്യാറാകാത്ത ആ ഉമ്മയ്ക്കുള്ള മകന്റെ സ്നേഹസമർപ്പണമാണ് ‘യത്തീങ്കുട്ടി’.


