ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. എതിരാളികൾ ഭയപ്പെട്ട ചുരുക്കം ചില ബൗളർമാരിൽ ഒരാളാണ് ഷാമിയെന്നാണ് റായിഡു അഭിപ്രായപ്പെട്ടത്. റെഡ് ബോൾ ഫോർമാറ്റിൽ ഷമിക്ക് പകരം വെക്കാൻ സാധിക്കുന്ന ബൗളർമാർ അധികം ഉണ്ടായിരുന്നില്ലെന്നും റായിഡു വ്യക്തമാക്കി.
”ഒരു മികച്ച കളിക്കാരന്റെ വിരമിക്കൽ എന്നും സങ്കടകരമായ കാര്യമാണ്. ഒരു താരം തന്റെ കരിയറിന് വേണ്ടി എത്രത്തോളം കഷ്ടപ്പെടുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്തുവെന്ന് ഇത് നമ്മളെ ഓർമ്മിപ്പിക്കുന്നു. മുഹമ്മദ് ഷമിയുടേത് മികച്ച ഒരു കരിയർ ആയിരുന്നു. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹം എതിരാളികൾ ഭയപ്പെട്ടിരുന്ന ചുരുക്കം ചില ബൗളർമാരിൽ ഒരാളാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ റെഡ് ബോൾ കൊണ്ട് പന്തെറിയുമ്പോൾ ഷമിക്ക് പകരം വെക്കാൻ സാധിക്കുന്ന ഇന്ത്യൻ ബൗളർമാർ അധികം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിരമിക്കൽ സങ്കടകരമാണെങ്കിലും അദ്ദേഹം സന്തോഷവാനായിരിക്കുമെന്നുറപ്പാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്നപ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം കഠിനാധ്വാനം ചെയ്തു. ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. എങ്കിലും ഷാമിയുടേത് മികച്ച കരിയറായിരുന്നു” അമ്പാട്ടി റായിഡു ക്രിക്ബസ്സിലൂടെ പറഞ്ഞു.

2013ൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷമി 64 മത്സരങ്ങളിൽ നിന്നും 229 വിക്കറ്റുകളാണ് വീഴ്ത്തിയത്. വിദേശ ടെസ്റ്റുകളിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് ഷമി. ഇന്ത്യക്ക് വേണ്ടി രണ്ട് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ താരം കളിച്ചിട്ടുണ്ട്. 2023ലാണ് ടെസ്റ്റിൽ ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്.


