വിരാട് കോലിക്ക് ഇനിയും ക്രിക്കറ്റിൽ ഒരുപാട് കാലം കളിക്കാനാവുമെന്ന് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്. ഇതിന് വേണ്ടി കോലി 47 വയസ്സുള്ള ഇമ്രാൻ താഹിറിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കണമെന്നും മുരളി കാർത്തിക് ക്രിക് ബസ്സിലൂടെ പറഞ്ഞു.
”ഏത് തരത്തിലുള്ള വിമർശനങ്ങളും അവനെ കൂടുതൽ മികച്ച പ്രകടനം നടത്താൻ പ്രേരിപ്പിക്കും. അവൻ അത് വാക്കുകളിലൂടെ പറയില്ലെങ്കിലും തന്റെ പ്രവർത്തികളിലൂടെ അത് തെളിയിക്കും. ചിലപ്പോൾ താരങ്ങൾ സുരക്ഷിതമായി കളിയ്ക്കാൻ ശ്രമിക്കും. എന്നാൽ ഒരു ഘട്ടത്തിൽ എല്ലാ നിയന്ത്രണങ്ങളും മാറ്റിവെച്ച് സ്വതന്ത്രമായി കളിക്കണം. ആളുകൾ വിരാട് കോലിയിൽ നിന്നും പലതും പഠിക്കുന്നുണ്ട്. എന്നാൽ വിരാട് 47 വയസ്സുള്ള ഇമ്രാൻ താഹിറിൽ നിന്നും ചില കാര്യങ്ങൾ പഠിക്കാനുണ്ട്” മുരളി കാർത്തിക് പറഞ്ഞു.

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ കോലി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്ക് വേണ്ടി കോലി അർധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 51 പന്തിൽ 74 റൺസാണ് കോലി നേടിയത്. 13 ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏകദിനത്തിൽ മൂന്നാം നമ്പറിൽ 13,000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോർഡും കോലി ഈ മത്സരത്തിൽ സ്വന്തമാക്കി.


