ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം മാനേജ്മെന്റിന് മുന്നിൽ സെലക്ഷൻ പ്രതിസന്ധി ശക്തമാകുന്നു.
പരമ്പരയിൽ ഇന്ത്യ 3-1 എന്ന നിലയിൽ ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, ഓക്ലൻഡിൽ ഏറ്റുവാങ്ങിയ കനത്ത തോൽവി പ്ലെയിംഗ് ഇലവനിൽ തന്ത്രപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയേക്കാം.
ലോക ചാമ്പ്യന്മാരായ ഇന്ത്യ പരമ്പരയിലെ അവസാന മത്സരം വിജയത്തോടെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും, അവസാന മത്സരത്തിൽ ചില നിർണായക മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
സഞ്ജു സാംസണിന്റെ മോശം ഫോമും വിശ്രമവും
ടീം മാനേജ്മെന്റിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ഈ പരമ്പരയിൽ തിളങ്ങാനായിട്ടില്ല. 67, 14, 18, 4 എന്നിങ്ങനെയാണ് ഈ പരമ്പരയിലെ അദ്ദേഹത്തിന്റെ സ്കോറുകൾ.
ഓക്ക്ലൻഡിലെ പ്രകടനവും കാര്യമായി മാറാത്ത സാഹചര്യത്തിൽ, മാനേജ്മെന്റ് സഞ്ജുവിന് ഒരു ചെറിയ ഇടവേള നൽകി യുവതാരം വൈഭവ് സൂര്യവംശിയെ പ്ലെയിംഗ് ഇലവനിൽ തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ട്.
ശ്രേയസ് അയ്യറുടെ പ്രകടനവും ആശങ്കകളും
അടുത്തിടെ നടന്ന ടി20 പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.
കരിയറിലെ ആദ്യ ടി20 സെഞ്ച്വറിക്ക് ശേഷം കളിച്ച അവസാന എട്ട് ഇന്നിങ്സുകളിൽ നിന്ന് 40, 1, 16, 22, 42, 7, 5, 22 എന്നിങ്ങനെയാണ് അയ്യറുടെ സ്കോറുകൾ.
നമൻ ധീറിന്റെയും നിതീഷ് കുമാർ റെഡ്ഡിയുടെയും ലോവർ ഓർഡർ പ്രകടനങ്ങളാണ് നിലവിൽ അയ്യറുടെ മോശം ഫോമിനെ ഒരു പരിധി വരെ മറച്ചുവെക്കുന്നത്.
ബൗളിംഗ് നിരയിലെ പ്രശ്നങ്ങളും ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവും
പരമ്പരയിൽ ഇന്ത്യ വിജയം കണ്ടെങ്കിലും ബൗളിംഗ് വിഭാഗത്തിലും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. വിക്കറ്റുകൾ വീഴ്ത്തുന്നതിലും റൺസ് നിയന്ത്രിക്കുന്നതിലും അർഷ്ദീപ് സിങ്ങിനെയും അക്സർ പട്ടേലിനെയും മാത്രമാണ് ടീം പ്രധാനമായും ആശ്രയിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ തിരിച്ചെത്തിയ പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാറിന് ഇതുവരെ തിളങ്ങാനായിട്ടില്ല.
മൂന്ന് മത്സരങ്ങളിൽ നിന്ന് 11.58 ഇക്കോണമി റേറ്റിൽ 139 റൺസ് വഴങ്ങിയ താരം വീഴ്ത്തിയത് ആകെ ഒരു വിക്കറ്റ് മാത്രമാണ്. പരമ്പരയിൽ 10-ൽ താഴെ ഇക്കോണമി റേറ്റ് ഉള്ള ഏക ഇന്ത്യൻ ബൗളർ അർഷ്ദീപ് മാത്രമാണ്.
സ്പിൻ നിരയിൽ കുൽദീപ് യാദവിനെയോ വരുൺ ചക്രവർത്തിയെയോ ഉൾപ്പെടുത്തണമെങ്കിൽ നമൻ ധീറിനെ ഒഴിവാക്കേണ്ടി വരും.
എന്നാൽ ഇത് ബാറ്റിംഗ് ആഴത്തെ ബാധിച്ചേക്കാം. തിലക് വർമ്മയെയും അഭിഷേക് ശർമ്മയെയും അധിക ബൗളിംഗ് ഓപ്ഷനുകളായി ഉപയോഗിക്കുന്നതും ടീമിന്റെ പരിഗണനയിലുണ്ട്.
ന്യൂസിലൻഡിന്റെ തിരിച്ചുവരവ്
നാലാം ടി20യിൽ മിന്നുന്ന സെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ എന്നിവരുടെ പ്രകടനത്തിന്റെ ആത്മവിശ്വാത്തിലാണ് ആതിഥേയരായ കിവീസ്.
ടി20 പരമ്പരയിലെ അവസാന മത്സരം ജയിച്ച് തങ്ങളുടെ അഭിമാനം കാക്കാനാണ് അവരുടെ ശ്രമം. വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.
ടീം സ്ക്വാഡുകൾ:
ഇന്ത്യ:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (WK), വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (WK), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധീർ, പ്രിൻസ് യാദവ്, മായങ്ക് യാദവ്, അർഷ്ദീപ് സിംഗ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
ന്യൂസിലൻഡ്:
ഫിൻ അലൻ, ടിം സീഫെർട്ട് (WK), ബെവോൺ ജേക്കബ്സ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ഡെവൺ കോൺവേ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്വെൽ, നഥാൻ സ്മിത്ത്, ബ്ലെയർ ടിക്നർ, മാറ്റ് ഫിഷർ, കൈൽ ജാമിസൺ, ജേക്കബ് ഡഫി, ആദം മിൽനെ, ജോഷ് ക്ലാർക്ക്സൺ.


