ന്യൂസിലാൻഡിനെതിരായ നാലാം ടി-20യിൽ ഇന്ത്യ 87 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.
ന്യൂസിലാൻഡ് ബൗളിംഗിൽ ജേക്കബ് ഡഫി നാല് വിക്കറ്റുകളും ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ, മാത്യു ഫിഷർ എന്നിവർ രണ്ട് വിക്കറ്റുകളും ആദം മിൽനെ ഒരു വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഇന്ത്യ പരാജയത്തിലേക്ക് വീഴുകയായിരുന്നു.
35 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. നമൻ ധീർ 28 റൺസും അഭിഷേക് ശർമ്മ 27 റൺസും നേടി പൊരുതിയെങ്കിലും വിജയം കൈവരിക്കാനായില്ല.
ഈ മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്കോറർ ആയതോടെ ടി-20യിൽ തോൽവി നേരിട്ട മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ ടോപ് സ്കോറർ ആവുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി തിലക് മാറി. അഞ്ചാം തവണയാണ് താരം ഇന്ത്യ പരാജയപ്പെട്ട മത്സരങ്ങളിൽ ടോപ് സ്കോറർ ആവുന്നത്. ശിഖർ ധവാൻ, സുരേഷ് റെയ്ന, ഹർദിക് പാണ്ഡ്യ, എം.എസ് ധോണി, രോഹിത് ശർമ്മ എന്നിവർക്കൊപ്പമാണ് ഈ നിർഭാഗ്യ റെക്കോർഡിൽ തിലകിന്റെ സ്ഥാനം.
ഈ നിർഭാഗ്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോലിയാണ്. 11 തവണയാണ് കോലി ഇന്ത്യ പരാജയപ്പെട്ട മത്സരങ്ങളിൽ ടോപ് സ്കോറർ ആയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെയും മൈക്കൽ ബ്രേസ്വെല്ലിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. 49 പന്തിൽ 10 സിക്സും 6 ഫോറും സഹിതം 107 റൺസാണ് ഫിലിപ്സ് അടിച്ചെടുത്തത്. ടി-20യിലെ മൂന്നാം സെഞ്ചുറിയാണ് താരം ഇന്ത്യക്കെതിരെ അടിച്ചെടുത്തത്.
മൈക്കൽ ബ്രേസ്വെൽ 25 പന്തിൽ 65 റൺസാണ് നേടി ടീമിന് വലിയ ടോട്ടൽ നൽകുന്നതിൽ വലിയ പങ്കുവഹിച്ചു. 4 ഫോറുകളും 6 സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.


