മുംബൈ: 2027 ഐപിഎൽ സീസണിന് മുന്നോടിയായി ടീമിന്റെ നായകസ്ഥാനത്ത് വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്.
നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാവി അനിശ്ചിതത്വത്തിലായതോടെ, മുൻ നായകൻ രോഹിത് ശർമ്മയെ വീണ്ടും നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമോ അതോ യുവതാരം തിലക് വർമയ്ക്ക് ചുമതല നൽകണോ എന്ന ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്മെന്റ്.
പരിശീലക സംഘത്തിൽ വലിയ അഴിച്ചുപണി നടത്തിയ മുംബൈ ഫ്രാഞ്ചൈസിക്ക് മുന്നിൽ ഇപ്പോൾ ഉള്ള ഏറ്റവും സങ്കീർണ്ണമായ തീരുമാനം ടീമിന്റെ അടുത്ത നായകനെ തിരഞ്ഞെടുക്കുക എന്നതാണ്.
അനുഭവസമ്പത്തോ അതോ യുവത്വമോ?
ടീം ഉടമ ആകാശ് അംബാനി, ഉന്നത ഉദ്യോഗസ്ഥൻ രാഹുൽ സാങ്വി, പുതിയ മുഖ്യ പരിശീലകൻ കീറോൺ പൊള്ളാർഡ് എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിക്കുക.
രോഹിത് ശർമ്മ (സുരക്ഷിതമായ ചോയ്സ്):
അടുത്ത വർഷത്തെ ഐപിഎല്ലിനിടെ രോഹിതിന് 40 വയസ്സ് തികയും. 2027 ഏകദിന ലോകകപ്പിന് ശേഷം വിരമിക്കുന്നതിന് മുമ്പ്, ഒരു സീസണിലേക്ക് ടീമിനെ നയിക്കാൻ രോഹിതിനേക്കാൾ മികച്ച തന്ത്രജ്ഞൻ വേറെയില്ല.
മുൻ നായകൻ കൂടിയായ രോഹിതും കോച്ച് പൊള്ളാർഡും തമ്മിലുള്ള ദീർഘകാല ബന്ധവും ടീമിന് ഗുണം ചെയ്യും.
തിലക് വർമ (ഭാവി നായകൻ):
ഭാവി മുൻനിർത്തി ദീർഘകാല ഓപ്ഷനായി തിലക് വർമയെ ക്യാപ്റ്റനാക്കാനും സാധ്യതയുണ്ട്. അടുത്ത മെഗാ ലേലത്തിന് മുന്നോടിയായി ഒരു പുതിയ തുടക്കത്തിന് തിലകിനെ നായകനാക്കുന്നത് വഴി സാധിക്കും.
മറ്റ് സീനിയർ താരങ്ങൾ:
ടി20 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, പേസർ ജസ്പ്രീത് ബുംറ എന്നിവർ ടീമിലുണ്ടെങ്കിലും, ക്യാപ്റ്റൻസിയുടെ അനാവശ്യ ഭാരം നൽകി ഇവരെ സമ്മർദ്ദത്തിലാക്കാൻ മാനേജ്മെന്റ് താല്പര്യപ്പെടുന്നില്ല.
ഹാർദിക് പാണ്ഡ്യയുടെ ട്രേഡിംഗ് സാധ്യതകൾ
ഹാർദിക് പാണ്ഡ്യ ഫ്രാഞ്ചൈസി വിടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും സജീവമാണ്. മറ്റൊരു ഫ്രാഞ്ചൈസിയുമായി അനുയോജ്യമായ ട്രേഡ് ഓഫർ ലഭിച്ചാൽ ഹാർദിക് ടീം വിടാൻ 90 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് ഐപിഎൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും നല്ലൊരു ട്രേഡ് ഓഫർ ലഭിച്ചില്ലെങ്കിൽ ഹാർദിക് ഒരു വർഷം കൂടി മുംബൈയിൽ തുടരുമെന്നും, ക്യാപ്റ്റൻ സ്ഥാനം ലഭിച്ചില്ലെങ്കിലും താരം തന്റെ നൂറു ശതമാനം സംഭാവന നൽകുമെന്നും പിടിഐയോട് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.


