കൊച്ചി: മലയാള സിനിമയ്ക്ക് ഒട്ടനവധി ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ കമലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച യുവത്വത്തിന്റെ ആഘോഷമായിരുന്നു 2003-ൽ പുറത്തിറങ്ങിയ ‘സ്വപ്നക്കൂട്’.
പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ്. എന്നാൽ ചിത്രത്തിൽ ഭാവന അവതരിപ്പിച്ച ‘പത്മ’ എന്ന കഥാപാത്രത്തിന്റെ മരണം ഇന്നും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.
പത്മ മരിക്കേണ്ടിയിരുന്നില്ലെന്ന പ്രേക്ഷകരുടെ വർഷങ്ങളായുള്ള സംശയത്തിന് ഒടുവിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കമൽ.
അഹല്യ എഫ്.എം റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് കമൽ ചിത്രത്തിലെ ആ നിർണ്ണായകമായ തീരുമാനത്തെക്കുറിച്ചും പറ്റിപ്പോയ പിഴവിനെക്കുറിച്ചും തുറന്നുപറഞ്ഞത്.
പത്മയുടെ മരണം കഥയ്ക്ക് ആവശ്യമായിരുന്നുവെന്ന് കമൽ
ഭാവനയുടെ കഥാപാത്രം സിനിമയിൽ മരിക്കുക എന്നത് കഥയുടെ മുന്നോട്ടുള്ള പോക്കിന് അത്യാവശ്യമായിരുന്നുവെന്ന് കമൽ വ്യക്തമാക്കി. “മീരയുടെ കഥാപാത്രമായ കമല ഒറ്റപ്പെടണം.
പത്മ കൂടെയുണ്ടായാൽ ഒരിക്കലും കമല അവസാനം കുഞ്ഞൂഞ്ഞിന്റെ കൂടെ പോകില്ല. ഒരുപക്ഷേ കുഞ്ഞൂഞ്ഞും തിരിച്ചുവന്ന് അന്വേഷിക്കില്ലായിരുന്നു. സ്ക്രിപ്റ്റ് വർക്ക് ചെയ്യുമ്പോൾ നമുക്കുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണിത്,” കമൽ പറഞ്ഞു.
പത്മ മരിച്ചതുകൊണ്ടാണ് ഗതികേടുകൊണ്ട് കമലയ്ക്ക് കൊച്ചിൻ ഹനീഫയുടെ കഥാപാത്രത്തിന്റെ കൂടെ പോകേണ്ടി വരുന്നത്.
അത് ഒരു വലിയ ദുരന്തത്തിലേക്ക് പോകുമെന്ന് തിരിച്ചറിഞ്ഞാണ് കുഞ്ഞൂഞ്ഞ് കമലയെ അന്വേഷിച്ച് തിരിച്ചെത്തുന്നതെന്നും, ആ സാഹചര്യമാണ് പത്മയുടെ കഥാപാത്രത്തെ ഇല്ലാതാക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അതൊരു അബദ്ധമായിരുന്നു; ഇന്നാണെങ്കിൽ ആ രംഗം മാറ്റും”
എന്നാൽ, പത്മയുടെ മരണം അവതരിപ്പിച്ച രീതിയിൽ പിഴവുണ്ടായിരുന്നുവെന്ന് കമൽ തുറന്നുപറഞ്ഞു. “ഞങ്ങൾക്ക് പറ്റിയ ഒരു അബദ്ധം ഞങ്ങൾ ഇന്നും തിരിച്ചറിയുന്നുണ്ട്.
പത്മയുടെ മരണം നമുക്ക് വേറെ രീതിയിൽ കാണിക്കാമായിരുന്നു. അങ്ങനെ ഒരു ട്രാജിക് സോങ് വെച്ച് അതിന്റെ അവസാനം കാൽതെറ്റി വീഴേണ്ട ആവശ്യമുണ്ടായിരുന്നില്ല. അന്നത്തെ ഞങ്ങളുടെ ചിന്താഗതി അങ്ങനെയായതുകൊണ്ടാണ് അതങ്ങനെ അവതരിപ്പിച്ചത്,” കമൽ വ്യക്തമാക്കി.
ഇന്ന് ‘സ്വപ്നക്കൂട്’ ചെയ്യുകയാണെങ്കിൽ പത്മയുടെ മരണരംഗം മറ്റൊരു രീതിയിൽ അവതരിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. “അടിച്ചുപൊളിച്ച്, ഒരു നൈറ്റ് ട്രാവലും കാര്യങ്ങളുമൊക്കെ കഴിഞ്ഞ് ഏതെങ്കിലും പബ്ബിൽ കയറി ആഘോഷിച്ച് തിരിച്ചുള്ള യാത്രയിൽ ഒരു ആക്സിഡന്റ് ഉണ്ടാകുന്നു എന്ന് വിചാരിക്കുക.
അങ്ങനെയാണ് പത്മ മരിക്കുന്നതെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. ഇതൊക്കെ ആർക്കും സംഭവിക്കാമല്ലോ. ഇത് എന്തോ ഉണ്ടാക്കി എടുത്തതുപോലെ ആയിപ്പോയി. അന്ന് ഇങ്ങനെയുള്ള ചിന്ത നമുക്ക് വന്നില്ല,” കമൽ കൂട്ടിച്ചേർത്തു.
ചിത്രം റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊക്കെ ചിന്തിക്കാമായിരുന്നുവെന്ന് തോന്നിയതെന്നും എന്നാൽ ചെയ്തുകഴിഞ്ഞ സിനിമയിൽ മാറ്റം വരുത്താൻ കഴിയില്ലല്ലോ എന്നും പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.


