ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സർഫറാസ് ഖാനെ ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം വസീം ജാഫർ. സർഫറാസ് ഖാനെ ടീമിലെടുക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നില്ലെന്നാണ് വസീം ജാഫർ പറഞ്ഞത് 18 സെഞ്ച്വറികൾ നേടിയിട്ടും താരത്തെ ടീമിലെടുക്കാൻ തയ്യാറാകുന്നില്ലെന്നും വസീം ജാഫർ വ്യക്തമാക്കി.
“എനിക്ക് തോന്നുന്നത് അവർ സർഫറാസ് ഖാനെ ടീമിൽ എടുക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ്. അദ്ദേഹത്തിന്റെ പ്രകടനം തന്നെ അതിന് തെളിവാണ്. ഇത്രയും ചെറിയ കരിയറിൽ തന്നെ അദ്ദേഹം 18 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ അവർ തയ്യാറാകുന്നില്ലെന്ന് തോന്നുന്നു.
അതിന്റെ കാരണം എനിക്കറിയില്ല. പക്ഷേ ഇത് പ്രകടനത്തെയോ ക്രിക്കറ്റിനെയോ മാത്രം അടിസ്ഥാനമാക്കിയുള്ള കാര്യമല്ലെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം എത്ര റൺസ് നേടിയാലും എത്ര മികച്ച ശരാശരി നിലനിർത്തിയാലും അവർ സർഫറാസിനെ ടീമിൽ എടുക്കാൻ ആഗ്രഹിക്കുന്നില്ല. ഇതല്ലാതെ മറ്റൊരു കാരണവും എനിക്ക് തോന്നുന്നില്ല” വസീം ജാഫർ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരമാണ് സർഫറാസ് ഖാൻ. 65 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 5314 റൺസ് നേടിയിട്ടും താരം ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും പുറത്താണ്. ഓഗസ്റ്റിൽ നടന്ന ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ സായ് സുദർശന്റെ പകരക്കാരനായി സർഫറാസ് ഖാൻ ടീമിൽ ഇടം നേടിയെങ്കിലും ബെഞ്ചിലായിരുന്നു സ്ഥാനം.


