കൊച്ചി: എപ്പോഴും എളുപ്പത്തിൽ ലഭ്യമാകുന്നതും പോഷകഗുണങ്ങൾ ധാരാളം അടങ്ങിയതുമായ ഒന്നാണ് വാഴപ്പഴം. എന്നാല്‍ വാഴപ്പഴം ഏതു സമയത്ത് കഴിച്ചാലാണ് ശരീരത്തിന് കൂടുതൽ ഗുണങ്ങൾ ലഭിക്കുക എന്നതിനെക്കുറിച്ച് പലര്‍ക്കും സംശയങ്ങളുണ്ട്.
രാവിലെയാണോ, വർക്കൗട്ടിനു മുൻപാണോ അതോ വൈകുന്നേരമാണോ പഴം കഴിക്കേണ്ടത്? ഓരോ വ്യക്തിയുടെയും ദഹനശേഷി, ആരോഗ്യ ലക്ഷ്യങ്ങൾ, ശരീരത്തിന്റെ ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും ഇതിന്റെ ഫലം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പ്രത്യേകിച്ചൊരു സമയം എല്ലാവർക്കുമായി പൊതുവായി നിർദേശിക്കാനാവില്ല. വാഴപ്പഴം കഴിക്കുന്നത് എങ്ങനെയൊക്കെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നും എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നും പരിശോധിക്കാം.
പോഷകങ്ങളുടെ കലവറ
ആരോഗ്യത്തിന് ആവശ്യമായ മൈക്രോന്യൂട്രിയന്റുകൾ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യവും 0.4 മില്ലിഗ്രാം വൈറ്റമിൻ ബി6 ഉം അടങ്ങിയിട്ടുണ്ട്.
ഇത് ശരീരത്തിലെ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താനും പ്രോട്ടീന്റെ ഉപാപചയ പ്രവർത്തനങ്ങൾക്കും ഏറെ സഹായിക്കുന്നു.
കൂടാതെ, എളുപ്പത്തിൽ ദഹിക്കുന്ന അന്നജം അടങ്ങിയിരിക്കുന്നതിനാല്‍ വാഴപ്പഴം ഒരു മികച്ച എനർജി ബൂസ്റ്ററായി പ്രവർത്തിക്കുന്നു.
വ്യായാമത്തിന് തൊട്ടു മുൻപോ ശേഷമോ കായികതാരങ്ങളും ജിമ്മിൽ പോകുന്നവരും വാഴപ്പഴം കഴിക്കുന്നത് ഗ്ലൈക്കോജൻ വേഗത്തിൽ പുനഃസ്ഥാപിക്കാനും കഠിനമായ വർക്കൗട്ട് സെഷനുകളിൽ ശാരീരിക ക്ഷമത നിലനിർത്താനും സഹായിക്കും.
വെറുംവയറ്റിൽ കഴിക്കാമോ?
ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർക്ക് രാവിലെ വെറുംവയറ്റിൽ വാഴപ്പഴം കഴിക്കാവുന്നതാണ്. എന്നാല്‍ ചിലരില്‍ വെറുംവയറ്റിൽ പഴം കഴിച്ചാൽ വയറു കമ്പിക്കലോ വയറിന് കനമോ അനുഭവപ്പെടാറുണ്ട്. അങ്ങനെയുള്ളവർ മറ്റ് ഭക്ഷണത്തോടൊപ്പം പഴം കഴിക്കുന്നതാണ് നല്ലത്.
ദഹനസംബന്ധമായ അസ്വസ്ഥതകൾ ഒഴിവാക്കാനും ഊർജം സാവധാനം പുറത്തുവിടുന്നത് ഉറപ്പാക്കാനും ആരോഗ്യകരമായ കൊഴുപ്പുകൾക്കൊപ്പമോ കോംപ്ലക്സ് കാർബോഹൈഡ്രേറ്റിനൊപ്പമോ വാഴപ്പഴം കഴിക്കാം.
ഓട്ട്മീലിലോ, മുഴുധാന്യ ടോസ്റ്റിലോ, ഗ്രീക്ക് യോഗർട്ടിലോ അരിഞ്ഞു ചേർത്ത് പ്രഭാതഭക്ഷണമായും ഇത് കഴിക്കാം. ഇത് ഏറെനേരം വയറു നിറഞ്ഞ അനുഭൂതി തരാൻ സഹായിക്കും.
വാഴപ്പഴത്തിനൊപ്പം പാൽ കൂടി ചേർക്കുമ്പോൾ കാർബ്സിന്റെയും പ്രോട്ടീന്റെയും മികച്ച സംയോജനം നടക്കും. വാഴപ്പഴ ഷെയ്ക്ക് ആരോഗ്യകരമാണെങ്കിലും, ലാക്റ്റോസ് ഇൻടോളറൻസ് ഉള്ളവർ ഇത് കഴിച്ചാൽ വായുശല്യം, വയറുകമ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
വൈകുന്നേരമോ രാത്രിയിലോ കഴിക്കാമോ?
മിക്കവർക്കും വാഴപ്പഴം വൈകുന്നേരം കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. രാത്രി ഉറങ്ങുന്നതിനു മുൻപ് ദഹനക്കേടോ വയറിന് കനമോ ഉണ്ടാക്കാൻ വാഴപ്പഴം ഇടയാക്കില്ല.
ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യവും അന്നജവും വാഴപ്പഴത്തെ മികച്ച ഒരു രാത്രികാല ലഘുഭക്ഷണമാക്കി മാറ്റുന്നു.
എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
വാഴപ്പഴത്തിൽ പ്രകൃതിദത്ത അന്നജം അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതിരിക്കാൻ കഴിക്കുന്ന അളവ് ശ്രദ്ധിക്കണം.
വൃക്ക രോഗമുള്ളവരും പൊട്ടാസ്യം കൂടിയ അളവിൽ ശരീരത്തിൽ അടിഞ്ഞുകൂടാതിരിക്കാൻ വാഴപ്പഴം കഴിക്കുന്നതിന് മുൻപ് വൈദ്യനിർദേശം തേടേണ്ടതാണ്.
വാഴപ്പഴത്തിൽ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും ശരീരത്തിന്റെ എല്ലാ ആവശ്യങ്ങളും ഒരു പഴം കൊണ്ടു മാത്രം പൂർത്തിയാക്കാനാവില്ല.
വാഴപ്പഴത്തിനൊപ്പം പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പരിപ്പ് വർഗങ്ങൾ, ലീൻ പ്രോട്ടീൻ തുടങ്ങിയവയും ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് സമ്പൂർണ്ണ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.


